അനധികൃതമായി പുകയില ഫാക്ടറി നടത്തിയ പ്രവാസികൾ അറസ്റ്റിൽ

അല്‍ഐന്‍: അനധികൃതമായി ‘പുകയില ഫാക്ടറി’ നടത്തിയ പ്രവാസികളെ പൊലീസ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ ഐന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് സമീപം അല്‍ സഫ്റയിലെ ഒരു വീട്ടിലാണ് ഇവര്‍ ചെറിയ ഫാക്ടറി സജ്ജീകരിച്ച്, അവിടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്തിരുന്നത്. ചെറിയ പാക്കറ്റുകളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ നിറച്ച് മറ്റ് പ്രവാസികള്‍ക്കുതന്നെയാണ് ഇവര്‍ വിറ്റിരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഇവരുടെ വീട് വള‍ഞ്ഞ് റെയ്ഡ് നടത്തുകയായിരുന്നു. പുകയില ശേഖരത്തിനുപുറമെ പുകയില പൊടിക്കാനും സംസ്കരിക്കാനും  ഉപയോഗിക്കുന്ന നിരവധി യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ പ്രതികള്‍ വിസ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് അനധികൃതമായി താമസിക്കുകയായിരുന്നുവെന്നും കണ്ടെത്തി. ഏഷ്യക്കാരായ പ്രവാസികള്‍ ഉപയോഗിക്കുന്ന ‘നസ്വാര്‍’ എന്ന പുകയില ഉത്പന്നമാണ് ഇവര്‍ ഇവിടെ നിര്‍മിച്ചിരുന്നത്. ഇത്തരം നിരോധിത വസ്തുക്കളുടെ വിതരണം നടത്തുന്നവരെ കണ്ടെത്താന്‍ നിരന്തരം പരിശോധനകള്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.