അബുദാബിയിലെ ഈ പ്രധാന റോഡുകളിൽ അടുത്ത മാസം15മുതൽ ടോൾ

37

അബുദാബി റോഡുകളില്‍ അടുത്തമാസം 15ന് ടോള്‍ പ്രാബല്യത്തില്‍ വരും. ഗതാഗതക്കുരുക്ക് കുറയ്ക്കുകയും പ്രാദേശിക ഗതാഗത മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അബുദാബിയിലെ പ്രധാന പാലങ്ങളായ ശൈഖ് സായിദ്, ശൈഖ് ഖലീഫ ബിൻ സായിദ് പാലം, അൽ മക്താ പാലം, മുസ്സഫ പാലം എന്നിവയിലായി നാല് ടോൾ ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

അബുദാബി എമിറേറ്റിലേക്ക് പോകുന്ന റോഡുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ടോൾ രജിസ്‌ട്രേഷൻ നിർബന്ധമാണ്. അബുദാബി ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ ഏതെങ്കിലും അബുദാബി സർക്കാർ സേവന കേന്ദ്രങ്ങൾ വഴിയോ രജിസ്‌ട്രേഷൻ നടത്താം. ഒക്ടോബർ 15-ന് മുമ്പ് എമിറേറ്റിൽ സൗജന്യമായി വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം. മറ്റ് എമിറേറ്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹന ഉപയോക്താക്കള്‍ക്ക് ടോൾ ഗേറ്റുകൾ കടക്കുന്നതിനുമുമ്പ് വെബ്‌സൈറ്റിൽ അവരുടെ അക്കൗണ്ടിൽ പ്രവേശിച്ച് ടോൾ സിസ്റ്റത്തിലൂടെ രജിസ്റ്റർ ചെയ്യാം.

ഒരു വാഹനത്തിന് രജിസ്‌ട്രേഷൻ ഫീസായി 50 ദിർഹവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിന് 50 ദിർഹവും ഈടാക്കും. ടോൾ ഗേറ്റുകൾ കടക്കുന്ന രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്നതിന് പത്തുദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. അതിനുശേഷം ദിവസവും 100 ദിർഹം പിഴ ഈടാക്കും, പരമാവധി 10,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.