ഓണാഘോഷത്തിനിടെ വാക്ക് തർക്കം: പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റു മരിച്ചു

കൊല്ലം: ഓച്ചിറയിൽ ഓണാഘോഷത്തിനിടെ ഉണ്ടായ വാക്ക് തർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റു മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സുജിത് ആണ് മരിച്ചത്. പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കം പരിഹരിക്കാനെത്തിയപ്പോഴാണ് സുജിത്തിന് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ഓച്ചിറ കഴുവേലി മൂക്കിന് സമീപത്തുവച്ച് പ്രതികള്‍ ഉള്‍പ്പെട്ട സംഘം രാത്രിയിൽ പടക്കം പൊട്ടിച്ചത് സമീപവാസികൾക്ക് ബുദ്ധിമുട്ടായി. തുടർന്ന് പടക്കം പൊട്ടിക്കുന്നത് സംബന്ധിച്ച് പ്രതികളും സമീപവാസികളും തമ്മില്‍ തർക്കത്തിലായി. ഇതു പരിഹരിക്കാന്‍ സുജിത് സംഭ സ്ഥലത്ത് എത്തി. ഇതിനിടയിൽ ഒരാൾ സുജിത്തിന്റെ നെഞ്ചിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്നവർക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ആ​രംഭിച്ചിട്ടുണ്ട്.

അതിനിടെ കൊലപാതകത്തെ തുടർന്ന് മത സ്പർധ വളർത്തുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിക്കുകയാണ്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് കരുനാഗപ്പള്ളി എ സി പി അറിയിച്ചു.