കാത്തിരുന്ന ഹരിത ചന്ദ്രിക രാവ് നാളെ….

16

ഷാർജ : മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ വാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന ഹരിത ചന്ദ്രികയുടെ നാലാം എഡിഷൻ നാളെ. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പരുപാടി ലുലു ഗ്രൂപ്പ്‌ എംഡി പത്മശ്രീ എംഎ യൂസഫലി ഉദ്ഘാടനം ചെയ്യും. സഹിഷ്ണുത വർഷ പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി ദുബായ് എമിഗ്രേഷൻ ഡയറക്ടറായ ഹിസ് എക്‌സലൻസി മേജർ ജനറൽ മുഹമ്മദ്‌ അഹ്മദ് അൽ മറി പങ്കെടുക്കും. സഹിഷ്ണുത വർഷം പ്രമാണിച്ചുള്ള പ്രതിഭാ പുരസ്കാരം യുഎഇയുടെ ഫുട്ബാൾ താരം ഹസൻ അലി ഇബ്രാഹിം അലി അഹ്‌മദ്‌ അൽ ബലൂഷി ഏറ്റുവാങ്ങും. ഏഷ്യാ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തികൾ ചെയ്യുന്ന വ്യക്തിത്വം എന്ന നിലയിൽ എം എ യൂസുഫലിയെ ചടങ്ങിൽ ആദരിക്കും.

കേരളത്തിൽ നിന്ന് എംപിമാരായ കെ. മുരളീധരൻ, രമ്യ ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കും. മുൻ മന്ത്രിയും എംഎൽഎയുമായ ഡോ എം. കെ മുനീറും അതിഥിയായി എത്തുന്നുണ്ട്. പ്രശസ്ത സിനിമാ താരം പാർവതി തിരുവോത്ത് വനിതാ ശാക്തീകരണ പുരസ്കാരം ഏറ്റുവാങ്ങും.

മലയാളികളുടെ പ്രിയപ്പെട്ട അവതാരകൻ മിഥുൻ രമേശ്‌ അവതാരകനായെത്തുന്ന ഹരിത ചന്ദ്രിക നാലാം എഡിഷനിൽ ഗായകരായ കണ്ണൂർ ശരീഫ്, സിന്ധു പ്രേംകുമാർ, എംഎ ഗഫൂർ, വിളയിൽ ഫസീല, ആദിൽ അത്തു , റാഫി കുന്നംകുളം തുടങ്ങിയവരുടെ സംഗീത രാവും പ്രമുഖരായ നാല് മിമിക്രി താരങ്ങളുടെ പ്രത്യേക പരിപാടിയും ഉണ്ടാവും.

വൈകുന്നേരം 3 മണി മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാകും. കൃത്യം 5 മണിക്ക് തന്നെ പരുപാടി ആരംഭിക്കും.വേദി നിറയുന്ന മുറയ്‌ക്ക്‌ പ്രവേശനം നിർത്തി വയ്ക്കും.

ലുലു അവതരിപ്പിക്കുന്ന ഹരിത ചന്ദ്രിക 2019ൽ മലബാർ ഗോൾഡ്, യുഎഇ എക്സ്ചേഞ്ച്, സഫാരി മാൾ, എൻ.എം.സി എന്നിവർ ടൈറ്റിൽ സ്പോൺസറാണ്. കനേഡിയൻ യൂണിവേഴ്സിറ്റിയാണ് നോളജ്‌ പാർട്ണർ. കൂടാതെ നിരവധി സ്പോൺസർമാർ പരിപാടിക്ക് മാറ്റ് കൂട്ടുന്നു.