കുവൈറ്റിൽ തുറമുഖ മേഖലകളിലും കനത്ത സുരക്ഷ

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ കൂട്ടി കുവൈത്ത്. എണ്ണ ടെർമിനലുകൾ, വ്യാപാര തുറമുഖങ്ങൾ എന്നിവയുടെ സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ സുരക്ഷ തീരുമാനം.

തുറമുഖങ്ങളിലെ കപ്പലുകൾക്ക് ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. മേഖലയിയിലെ നിലവിലെ സാഹചര്യം മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളുടെ അനന്തരഫലങ്ങൾ നേരിടാനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്. ജനറൽ ഇസം അൽ നഹാം വ്യക്തമാക്കി.

വിവിധ സുരക്ഷാ മേധാവികളുടെ യോഗത്തിലാണ് അണ്ടർ സെക്രട്ടറി സുരക്ഷാ കാര്യങ്ങൾ പറഞ്ഞത്. നിലവിൽ കുവൈത്തിൽ ആറ് മാസത്തേക്ക് വേണ്ട ഭക്ഷ്യവസ്തുക്കളുടെ ശേഖരമുണ്ട്. അടിയന്തര സാഹചര്യം നേരിടാനാവശ്യമായ നടപടികൾ ഉന്നതതല സുരക്ഷാ വിഭാഗം പതിവായി യോഗം ചേർന്ന് അവലോകനം നടത്തുന്നുണ്ട്.