ജഡ്ജിയെ അഭിഭാഷകൻ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിധി വന്നത് ഇങ്ങനെ..

9

അഭിഭാഷകന്‍ വാട്സ്ആപിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മേല്‍ക്കോടതിയെ സമീപിച്ച ജഡ്ജിയെ അപ്പീല്‍ കോടതി ശാസിച്ചു. ജഡ്ജിയുടെ വീക്ഷണത്തോട് വിയോജിപ്പ് പ്രകടപ്പിക്കുക മാത്രമാണ് അഭിഭാഷകന്‍ ചെയ്തതെന്നായിരുന്നു മേല്‍ക്കോടതി കണ്ടെത്തിയത്. സൗദിയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലാണ് ഒടുവില്‍ അഭിഭാഷകന് അനുകൂലമായ വിധി വന്നത്.

തന്റെ പരിഗണനയിലിരിക്കുന്ന കേസില്‍ സ്വാധീനം ചെലുത്താനായി അഭിഭാഷകന്‍ ശ്രമിച്ചുവെന്നും താന്‍ വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് ന്യായാധിപന്‍ പ്രത്യേക കോടതിക്ക് മുന്നില്‍ പരാതിയുമായെത്തിയത്. കേസ് സൗദിയില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. വിശദമായ പരിശോധനകള്‍ക്കുശേഷം അഭിഭാഷകനെ കോടതി വെറുതെവിടുകയായിരുന്നു. ഇയാള്‍ക്കെതിരെ തെളിവില്ലെന്ന് കണ്ടാണ് നടപടി.

വാട്സ്ആപ് സന്ദേശത്തില്‍ ഭീഷണിയുടെ സ്വരത്തിലുള്ള യാതൊന്നുമില്ല. കേസിന്റെ വിധിയില്‍ ജഡ്‍ജിയുടെ വീക്ഷണത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് അഭിഭാഷകന്‍ ചെയ്തത്. വിധിക്കെതിരെ മേല്‍ക്കോടതികളെ സമീപിക്കുമെന്നും ഇയാള്‍ പറഞ്ഞതായും കോടതി കണ്ടെത്തി. ഇതോടെ അടിസ്ഥാന രഹിതമായ ആരോപണവുമായി കോടതിയെ സമീപിച്ച ന്യായാധിപനെ കോടതി ശാസിക്കുകയായിരുന്നു. കേസ് കൈകാര്യം ചെയ്തതില്‍ ജഡ്ജിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അപ്പീല്‍ കോടതി പറ‍ഞ്ഞു.