ദിലീപിന് മെമ്മറി കാർഡിൻ്റെ പകർപ്പ് നൽകരുതെന്ന് നടി സുപ്രീംകോടതിയിൽ

നടിയെ അക്രമിച്ച കേസിൽ ദിലീപിന് മെമ്മറി കാർഡിൻ്റെ പകർപ്പ് നൽകരുതെന്ന ആവശ്യവുമായി ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയിൽ. കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ അപേക്ഷ നൽകി. മെമ്മറി കാർഡ് ദിലീപിന് നൽകുന്നത് തൻ്റെ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് നടി നൽകിയ അപേക്ഷയിൽ പറയുന്നു. അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നകാര്യമാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

നേരത്തെ നടിയെ ആക്രമിക്കുന്ന  ദൃശ്യങ്ങളുടെ പകർപ്പ്  വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. അതിനിടെ, കേസ് അന്വേഷിച്ചിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ ബി.സന്ധ്യ ഐ.പി.എസ്. ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇവര്‍ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. കേസുമായി ബന്ധപ്പെട്ട് നേരത്തെ നടി അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയിരുന്നു.