ദുബൈ: ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസിയുടെ ‘സി.എച്ച് രാഷ്ട്ര സേവാ പുരസ്കാര’ത്തിന് കേരള ആസൂത്രണ ബോര്‍ഡ് മുന്‍ മെംബറും കമ്യൂണിസ്റ്റ് ചിന്തകനുമായ സി.പി ജോണിനെ തെരഞ്ഞെടുത്തതായി ജൂറി ചെയര്മാന് ഡോ. പി.എ ഇബ്രാഹിം ഹാജി, ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല, ജന.സെക്രട്ടറി കെ.പി മുഹമ്മദ്, ട്രഷറര്‍ നജീബ് തച്ചംപൊയില്‍ എന്നിവര്‍ അല്‍ബറാഹ ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ സി.പി ജോണ്‍ മതേതര-ജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ എക്കാലത്തെയും ജനപ്രിയ നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഡോ. പി.എ ഇബ്രാഹിം ഹാജി ചെയര്‍മാനും ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ എം.സി വടകര, പിഎസ്സി മുന്‍ മെംബര്‍ ടി.ടി ഇസ്മായില്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി സി.കെ സുബൈര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. സി.എച്ചിന്റെ 36-ാം അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ഈ മാസം 27ന് വെള്ളിയാഴ്ച ദുബൈ വിമന്‍സ് അസോസിയേഷന് ഹാളില്‍ ഒരുക്കുന്ന പരിപാടിയില്‍ പ്രശസ്തി പത്രവും ഫലകവും അടങ്ങിയ പുരസ്കാരം സി.പി ജോണിന് സമര്‍പ്പിക്കും. ആയിരത്തിലധികം പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡണ്ട് എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. പ്രളയ കാലത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന് അത്യാധുനിക റെസ്ക്യു ഉപകരണങ്ങള്‍ ചടങ്ങില്‍ കൈമാറുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍ പൊട്ടലില്‍ ശ്മശാന സമാനമായി മാറിയ കരിഞ്ചോല മലയില്‍ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് നടപ്പാക്കുന്ന ബൈത്തുറഹ്മ വില്ലേജില്‍ 4 വീടുകള്‍ ജില്ലാ കെഎംസിസി വക നിര്‍മിച്ചു വരികയാണെന്നും നേതാക്കള്‍ അറിയിച്ചു.
കെഎംസിസി നേതാക്കളായ അഡ്വ. സാജിദ് അബൂബക്കര്‍, മൊയ്തു അരൂര്‍, കെ.പി മൂസ, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് പുറമേരി, വി.കെ.കെ റിയാസ്, ഇസ്മായില്‍ ചെരുപ്പേരി, ഹാഷിം എലത്തൂര്‍, ഹംസ പയ്യോളി, വലിയാണ്ടി അബ്ദുല്ല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഫോട്ടോകള്‍:
1. ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസിയുടെ സി.എച്ച് രാഷ്ട്ര സേവാ പുരസ്കാര പ്രഖ്യാപനം ജൂറി ചെയര്മാന് ഡോ. പി.എ ഇബ്രാഹിം ഹാജി അല്‍ബറാഹ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു. ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല, ജന.സെക്രട്ടറി കെ.പി മുഹമ്മദ്, ട്രഷറര്‍ നജീബ് തച്ചംപൊയില്‍ എന്നിവരും മറ്റു കെഎംസിസി നേതാക്കളും സമീപം
2. സി.പി ജോണ്‍
—————-