നാലാമത് ഹരിത ചന്ദ്രിക എഡിഷൻ സെപ്റ്റംബർ 20ന്, ആഘോഷമാക്കാൻ ഒരുങ്ങി പ്രവാസലോകം..

ഷാർജ :മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ഹരിത ചന്ദ്രിക-2019 (നാലാമത് എഡിഷന്‍ ) ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ സെപ്തംബര്‍ 20ന് വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കും . യുഎഇയുടെ സഹിഷ്ണുതാ വര്‍ഷാചരണ ഭാഗമായി സഹിഷ്ണുതയുടെ മുഖോത്സവമായാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ആയിരക്കണക്കിന് ആളുകൾ എത്തുന്ന ഹരിത ചന്ദ്രിക നാലാമത് എഡിഷനിൽ പൊതുജനങ്ങൾക്ക് പ്രത്യേക പാസ്സ് വഴിയാണ് പ്രവേശനം അനുവദിക്കുന്നത്. സെപ്റ്റംബർ 20നു വൈകുന്നേരം 7 മണി മുതലാണ് പരിപാടികൾ ആരംഭിക്കുന്നതെങ്കിലും വൈകുന്നേരം 5 മണി മുതൽ തന്നെ എക്സ്പോ വേദിയിലേക്ക് പ്രവേശിക്കാനാകും.

മിഥുൻ രമേശ്‌ അവതാരകനായെത്തുന്ന പരിപാടിയിൽ വിശിഷ്ട വ്യക്തികളുടെ നീണ്ട പട്ടിക തന്നെയുണ്ട്. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ യൂസഫലി, കെ.മുരളീധരൻ എംപി, രമ്യ ഹരിദാസ് എംപി, ഡോ.എംകെ മുനീർ, വനിതാ ശാക്തീകരണത്തിന്റെ പേരിൽ പുരസ്കാരം ഏറ്റുവാങ്ങാനും ചന്ദ്രികയുടെ വനിതാ ശാക്തീകരണ സ്പെഷ്യൽ എഡിഷൻ ലോഞ്ച് ചെയ്യാനും സിനിമ താരം പാർവതി എത്തുന്നു.

കഴിഞ്ഞ വർഷങ്ങളിൽ മലയാള സിനിമയിലെ മുൻനിര താരങ്ങൾ പങ്കെടുത്തത് പ്രവാസികൾക്ക് ആവേശം പകർന്നിരുന്നു. മമ്മൂട്ടി, മോഹൻലാൽ, യേശുദാസ് തുടങ്ങിയവർ ചന്ദ്രികയ്ക്കൊപ്പം വേദിയിൽ നിറഞ്ഞു നിന്നിരുന്നു. ഇത്തവണയും ഹരിത ചന്ദ്രിക ഓരോരുത്തർക്കും ഉത്സവാന്തരീക്ഷം നൽകും. മാത്രമല്ല ഈ വർഷം അതിവിപുലമായ മാപ്പിള കലാവിരുന്നും ഒരുക്കുന്നുണ്ട്. അതിനായി മലയാളികളുടെ പ്രിയപ്പെട്ട ഗായകർ പങ്കെടുക്കുന്നുണ്ട്. കണ്ണൂർ ശരീഫ്, സിന്ധു പ്രേംകുമാർ, എം.എ ഗഫൂർ, വിളയിൽ ഫസീല, ആദിൽ അത്തു , റാഫി കുന്നംകുളം തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

ആലത്തൂരിന്റെ പെങ്ങളൂട്ടിയെന്ന് അറിയപ്പെടുന്ന രമ്യ ഹരിദാസ് എംപി ഇതാദ്യമാണ് ഷാർജയിൽ ഇങ്ങനെയൊരു വേദിയിൽ എത്തുന്നത്. രമ്യ ഹരിദാസ് നാടൻ പാട്ടുകൾ പാടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. പ്രവാസി മലയാളികൾക്ക് ആഘോഷാരവങ്ങൾ നൽകിക്കൊണ്ടാണ് നാലാമത് എഡിഷൻ എത്തുന്നത്.

ലുലു അവതരിപ്പിക്കുന്ന ഹരിത ചന്ദ്രിക 2019ൽ മലബാർ ഗോൾഡ്, യുഎഇ എക്സ്ചേഞ്ച്, സഫാരി മാൾ, എൻ.എം.സി എന്നിവർ ടൈറ്റിൽ സ്പോൺസറാണ്. കനേഡിയൻ യൂണിവേഴ്സിറ്റിയാണ് നോളജ്‌ പാർട്ണർ. കൂടാതെ നിരവധി സ്പോൺസർമാർ പരിപാടിക്ക് മാറ്റ് കൂട്ടുന്നു.

പ്രവേശന പാസ് ലഭിക്കാൻ ദുബായിലെ മിഡിൽ ഈസ്റ്റ്‌ ചന്ദ്രികയുടെ ഓഫിസുമായി ബന്ധപ്പെടണമെന്ന് മിഡിൽ ഈസ്റ്റ്‌ ചന്ദ്രിക മാനേജിങ് ഡയറക്ടർ എളേറ്റിൽ ഇബ്രാഹിം പറഞ്ഞു. 04 2386 888

വേദി നിറയുന്ന മുറയ്‌ക്ക്‌ പ്രവേശനം നിർത്തി വയ്ക്കും. നിരവധി അറബ് പ്രമുഖരും പങ്കെടുക്കുന്ന വേദിയിൽ വിവിധ മേഖലകളിൽ സംഭാവന നൽകിയ മലയാളി പ്രതിഭകളെ ആദരിക്കും. ഏഷ്യാ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തികൾ ചെയ്യുന്ന വ്യക്തിത്വം എന്ന നിലയിലാണ് എം എ യൂസുഫലി ചടങ്ങിൽ ആദരിക്കപ്പെടുന്നത്.