പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിച്ച 8ആം ക്ലാസുകാരനെ കാണാൻ എത്തിയത് ദുബായ് ഭരണാധികാരി

ഷാര്‍ജ: കല്‍ബയിലെ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഖലീഫ അബ്‍ദുല്ല അല്‍ കാബി പതിവുപോലെ ഇന്നും ക്ലാസിലിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് അവനെ വിളിപ്പിച്ചത്. അവിടെയെത്തിയപ്പോഴാകട്ടെ കാത്തിരുന്നത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കഴിഞ്ഞദിവസമുണ്ടായ ഒരു അപകടത്തില്‍ നിന്ന് തന്റെ സഹപാഠികളുടെ ജീവന്‍ രക്ഷിച്ച ഖലീഫയുടെ ധീരതയറിഞ്ഞ് അവനെ നേരിട്ട് അഭിനന്ദിക്കാനെത്തിയതായിരുന്നു ഭരണാധികാരി.

കല്‍ബയിലെ അല്‍ ഖുദ്‍വ സ്കൂളിലെ ഓഫീസില്‍ വെച്ച് ശൈഖ് മുഹമ്മദ് വിദ്യാര്‍ത്ഥിയെ ആലിംഗനം ചെയ്തു. തനിക്കൊപ്പം അവനെ പിടിച്ചിരുത്തി കുശലം ചോദിച്ചു. വിദ്യാര്‍ത്ഥിയെ അഭിനന്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ശൈഖ് മുഹമ്മദ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കാര്യങ്ങള്‍ പരിശോധിക്കാനെത്തിയ താന്‍ ഒരു ഹീറോയെ സന്ദര്‍ശിച്ചുവെന്നായിരുന്നു ശൈഖ് മുഹമ്മദ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. തന്റെ തലമുറയ്ക്ക് തന്നെ അഭിമാനമാണവന്‍. സ്കൂള്‍ ബസിന് തീപിടിച്ചപ്പോള്‍ അവന്റെ ധീരപ്രവൃത്തിയാണ് സഹപാഠികള്‍ക്ക് രക്ഷയായത് – ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.