മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകളുടെ ചില മോഡലുകള്‍ക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സ് വിലക്കേര്‍പ്പെടുത്തി.

13

മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകളുടെ ചില മോഡലുകള്‍ക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സ് വിലക്കേര്‍പ്പെടുത്തി. ഇത്തിഹാദ് ഉള്‍പ്പെടെയുള്ള മറ്റ് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഞായറാഴ്ചയാണ് എമിറേറ്റ്സ് വിലക്കേര്‍പ്പെടുത്തിയത്.

2015 സെപ്‍തംബറിനും 2017 ഫെബ്രുവരിക്കും ഇടയ്ക്ക് വിപണിയിലെത്തിച്ച 15 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകള്‍ അടുത്തിടെ ആപ്പിള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു.ബാറ്ററികള്‍ അമിതമായി ചൂടാകുന്നത് കണക്കിലെടുത്ത് തീപിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയായിരുന്നു നടപടി. ഈ സാഹചര്യത്തില്‍ ചെക് ഇന്‍ ബാഗേജുകളില്‍ മാക്ബുക്ക് പ്രോയുടെ ഈ മോഡലുകള്‍, ബാറ്ററികള്‍ മാറ്റുന്നത് വരെ അനുവദിക്കില്ലെന്നാണ് എമിറേറ്റ്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്.

അതേസമയം ക്യാബിന്‍ ബാഗേജുകള്‍ക്കൊപ്പം മാക്ബുക്ക് പ്രോ കൊണ്ടുപോകാന്‍ അനുവദിക്കും. എന്നാല്‍ കമ്പനി തിരിച്ചുവിളിച്ചിട്ടുള്ള മോഡലുകള്‍ യാത്രയ്ക്കിടെ ഓണ്‍ ചെയ്യാനോ ചാര്‍ജ് ചെയ്യാനോ അനുവദിക്കില്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമപരിഗണന നല്‍കുന്നതെന്നും എമിറേറ്റ്സ് അറിയിച്ചു.