ലിഫ്റ്റില്‍ വെച്ച് ഇന്ത്യന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാൻ സ്വദേശി അറസ്റ്റിൽ

താമസ സ്ഥലത്തെ ലിഫ്റ്റില്‍ വെച്ച് ഇന്ത്യന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെലിവറി ജോലികള്‍ക്കായി എത്തിയ പാകിസ്ഥാന്‍ പൗരനാണ് 12 വയസുകാരിയെ അപരമര്യാദയായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. പ്രതിക്കെതിരെ കഴിഞ്ഞ ദിവസം ദുബായ് പ്രാഥമിക കോടതിയില്‍ കുറ്റം ചുമത്തി.

ജൂണ്‍ 16നാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. ഒരു പാര്‍സല്‍ എത്തിക്കാനായി യുവാവ് ലിഫ്റ്റില്‍ കയറിപ്പോള്‍ പെണ്‍കുട്ടി ലിഫ്റ്റിലുണ്ടായിരുന്നു. കുട്ടിയോട് കെട്ടിടത്തിലെ ഒരാളുടെ വിലാസം അന്വേഷിക്കുന്നതിനിടെ അപമര്യാദയായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി കരഞ്ഞുകൊണ്ടാണ് ലിഫ്റ്റില്‍ നിന്ന് ഇറങ്ങിവന്നതെന്ന് ബന്ധുവായ സ്ത്രീ മൊഴി നല്‍കി. തുടര്‍ന്ന് ഈ സ്ത്രീയുടെ സഹായത്തോടെ യുവാവിനെ അന്വേഷിക്കുകയും കെട്ടിടത്തിന്റെ ആറാം നിലയില്‍ വെച്ച് അയാളെ കണ്ടെത്തുകയുമായിരുന്നു. കുട്ടിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പ്രതികരിക്കാതെ നില്‍ക്കുകയായിരുന്നുവെന്നും ബന്ധുവിന്റെ മൊഴിയിലുണ്ട്.

പിന്നീട് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പാര്‍സല്‍ കൊടുക്കേണ്ട ഫ്ലാറ്റ് ഏതെന്ന് ഇയാള്‍ക്ക് വ്യക്തമായി അറിയാമായിരുന്നുവെന്നും ഫ്ലാറ്റ് നമ്പര്‍ ഉള്‍പ്പെടെ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷമാണ് ഇയാള്‍ കെട്ടിടത്തിനുള്ളില്‍ കയറിയതെന്നും സെക്യൂരിറ്റി ജീവനക്കാരനും സ്ഥിരീകരിച്ചു. അഞ്ചാം നിലയില്‍ പാര്‍സല്‍ കൊടുക്കാനായി പോയ ഇയാള്‍ പെണ്‍കുട്ടി ലിഫ്റ്റില്‍ കയറുന്നത് കണ്ട്, തിരികെ വന്ന് വീണ്ടും ലിഫ്റ്റില്‍ കയറുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. പെണ്‍കുട്ടിയ്ക്കൊപ്പം ലിഫ്റ്റില്‍ കയറിയെന്നും വിലാസം അന്വേഷിച്ചെന്നും ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ അപമര്യാദയായി സ്പര്‍ശിച്ചെന്ന ആരോപണം പ്രതി നിഷേധിച്ചു. കേസില്‍ ഈ മാസം 16ന് കോടതി ശിക്ഷ വിധിക്കും.