വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണെന്ന് ഐഎസ്ആർഒ

ചന്ദ്രയാന്‍ 2 ദൗത്യം ഇതുവരെ 90 മുതല്‍ 95 ശതമാനം വിജയമെന്ന് ഇസ്രോ. നേരത്തെ ആസൂത്രണം ചെയ്തതിലും കൂടുതലായി 7.5 വര്‍ഷം അധിക ആയുസ്സ് ഓര്‍ബിറ്റിനുണ്ടാകും. ഏഴുവര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഇസ്രോയുടെ അറിയിപ്പ്. വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണെന്നും അടുത്ത 14 ദിവസം ഇത്‌ തുടരുമെന്നും ഇസ്രോ ചെയർമാൻ കെ ശിവൻ പറഞ്ഞു.

പദ്ധതി പരാജയമല്ല, പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഊര്‍ജ്ജമായി. സോഫ്റ്റ്‌ ലാൻഡിങ്ങിന്‍റെ നാല് ഘട്ടങ്ങളിൽ അവസാനത്തേതിൽ മാത്രമാണ് പിഴച്ചത്. ചന്ദ്രയാൻ രണ്ടിനുണ്ടായ തിരിച്ചടി മറ്റ് ബഹിരാകാശ പദ്ധതികളെ ബാധിക്കില്ലെന്നും ഇസ്രോ വ്യക്തമാക്കി. ഇന്ന് പുലർച്ചെയാണ് ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന സൂചനകൾ ഇസ്രോ പുറത്തുവിടുന്നത്.

ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഇസ്രോ അറിയിക്കുകയായിരുന്നു. 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയിരുന്നു.

”പേടിപ്പിക്കുന്ന പതിനഞ്ച് മിനിറ്റുകൾ” എന്നാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ ചന്ദ്രയാൻ 2 ആകാശത്തേക്ക് ജിഎസ്എൽവി മാർക് – 3യുടെ ചിറകിലേറി പറന്നുയർന്നതിന് പിന്നാലെ പറഞ്ഞത്. സാങ്കേതികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഈ ദൗത്യം. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഒരു പര്യവേക്ഷണപേടകം ലാൻഡ് ചെയ്യിക്കുന്നത് എളുപ്പമായിരുന്നില്ല. ചന്ദ്രന്‍റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുകയാണ് ലക്ഷ്യമെന്നതിനാലാണ് ദക്ഷിണധ്രുവമെന്ന തീർത്തും വെല്ലുവിളി നിറഞ്ഞ ലക്ഷ്യം തന്നെ ഐഎസ്ആർഒ തെരഞ്ഞെടുത്തത്.