സഫാരി മാള്‍ ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഷാര്‍ജ: സഫാരി മാള്‍ ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് എന്ന വിശേഷണത്തോടെയാണ് സഫാരി മാൾ തുറന്നത്.

ഷാർജ മുവൈലയില്‍ 1.2 മില്യൺ ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തയ്യാറാക്കിയിരിക്കുന്ന മാള്‍ ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ ഖാസിമിയാണ്  ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കൾക്ക് രണ്ടു മെഗാ പ്രൊമോഷന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പർച്ചേസ് ഒന്നും നടത്താതെതന്നെ ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കുന്നവർക്കും വിസിറ്റ് ആന്റ് വിൻ പ്രൊമോഷനിലൂടെ ഓരോ കിലോ സ്വർണം സമ്മാനമായി ലഭിക്കുന്നതാണ് ഒന്നാമത്തെ ഓഫര്‍. ഉദ്ഘാടനം മുതല്‍ തന്നെ ഈ ഓഫര്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബർ നാല് മുതൽ ഒക്ടോബർ 28 വരെ നീണ്ടു നിൽക്കുന്ന മെഗാ പ്രൊമോഷൻ സമ്മാനപദ്ധതിയിലൂടെ ഓരോ ആഴ്ചയിലും നാല് വീതം ടൊയോട്ട കൊറോള കാറുകളും സമ്മാനമായി ലഭിക്കും. 50 ദിര്‍ഹത്തിനുമുകളില്‍ പർച്ചേസ് ചെയ്യുമ്പോൾ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള കൂപ്പണുകള്‍ ലഭിക്കും.

ഫുഡ് കോർട്ട്, പാർട്ടി ഹാൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ആയിരത്തോളം കാറുകൾക്കുള്ള പാർക്കിങ് സൗകര്യം  എന്നിവയും സഫാരി മാളിന്‍റെ പ്രത്യേകതയാണ്. ഡിപ്പാർട്ടമെന്റ് സ്റ്റോർ, ഹൈപ്പർ മാർക്കറ്റ്, ഫർണിച്ചർ ഷോറൂം തുടങ്ങി എല്ലാം വിഭാഗങ്ങളും മാളിൽ സജ്ജീകരിച്ചതായിസഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മാടപ്പാട്ട്,അറിയിച്ചു. ഷോപ്പിംഗിനൊപ്പം വിനോദം എന്ന ആശയത്തിൽ കലാപരിപാടികളും, ഡാൻസ്, ഗെയിം ഷോകളും സഫാരി മാളിൽ അരങ്ങേറും.