സി എം ജൂനിത് പോളണ്ടിൽ നടന്ന സീനിയർ വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ

9

മനാമ: ഇന്ത്യൻ സ്‌കൂളിലെ മുതിർന്ന കായികാധ്യാപകനായ സി എം ജൂനിത് പോളണ്ടിൽ നടന്ന ഈ വർഷത്തെ സീനിയർ വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ആഗസ്ത് 4 മുതൽ 11 വരെ നടന്ന ചാമ്പ്യൻഷിപ്പിൽ ബഹ്റൈനെ പ്രതിനിധീകരിച്ചാണ്  ജൂനിത് പങ്കെടുത്തത്.

വേൾഡ് ബാഡ്മിന്റൺ ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) സംഘടിപ്പിച്ച വേൾഡ് സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഒമ്പതാം പതിപ്പിൽ 55 രാജ്യങ്ങളിൽ നിന്നുള്ള 1436 കളിക്കാർ പങ്കെടുക്കാനെത്തിയിരുന്നു. രണ്ട് വർഷത്തിലൊരിക്കലാണ് ഈ ചാംപ്യൻഷിപ് നടക്കുന്നത്. 2017 ൽ കൊച്ചിയിൽ നടന്ന       സീനിയർ വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും ജൂനിത് പങ്കെടുത്തിരുന്നു.

ജൂനിത്  2006 മുതൽ ഇന്ത്യൻ സ്‌കൂളിൽ കായിക അധ്യാപകനായി ജോലി ചെയ്യുന്നു. ഇദ്ദേഹം   പരിശീലിപ്പിച്ച ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ വിദ്യാർത്ഥികൾ കഴിഞ്ഞ മൂന്നു വർഷമായി  സിബിഎസ്ഇ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിവരുന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം- സ്പോർട്സ് രാജേഷ് എം‌എൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജുനിത്തിന്റെ സ്ഥിരമായ പ്രകടനത്തിനും കായികരംഗത്തെ സമർപ്പണത്തിനും അഭിനന്ദനം അറിയിച്ചു.

കഴിഞ്ഞ 12 വർഷമായി ഇന്ത്യൻ സ്‌കൂൾ ടീം ക്ലസ്റ്റർ ചാമ്പ്യന്മാരാണ്. ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിനും ഇന്ത്യൻ സ്‌കൂൾ സമൂഹത്തിനും ജുനിത്തിന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് ഇന്ത്യൻ സ്‌കൂൾ കായിക വകുപ്പ് മേധാവിയായ  സൈകത്ത് സർക്കാർ പറഞ്ഞു. മലയാളിയായ സി എം ജുനിത് ഇന്ത്യൻ സ്കൂളിലെ ജൂനിയർ വിഭാഗം ആക്ടിവിറ്റി ഹെഡ് ടീച്ചർ കൂടിയാണ്.