സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് ബാധകമായ പുതിയ ഫീസ് നിരക്കുകളും മറ്റ് പരിഷ്കാരങ്ങളും നിലവില്‍ വന്നു

13

സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് ബാധകമായ പുതിയ ഫീസ് നിരക്കുകളും മറ്റ് പരിഷ്കാരങ്ങളും നിലവില്‍ വന്നു. മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും രണ്ട് വര്‍ഷത്തേക്കും കാലാവധിയുണ്ടായിരുന്ന വിസകള്‍ ഇനി ലഭ്യമാവുകയില്ല. പകരം ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കും മാത്രമായിരിക്കും ഇനി ബിസിനസ് വിസകളുടെയും ഫാമിലി വിസകളുടെയും കാലാവധി.

ഒരു വര്‍ഷം കാലാവധിയുള്ള വിസയില്‍ ആറ് മാസം തുടര്‍ച്ചയായി സൗദിയില്‍ താമസിക്കാം. ഒരു മാസത്തേക്കുള്ള വിസ പിന്നീട് ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാനാവും. ബിസിനസ്, ഫാമിലി, ഹജ്ജ്-ഉംറ എന്നിങ്ങനെയുള്ള എല്ലാ വിസകള്‍ക്കും ഇനി 300 റിയാല്‍ ആയിരിക്കും ഫീസ്. മൂന്ന് മാസത്തേക്ക് വിസ എടുത്തശേഷം പിന്നീട് മൂന്നുമാസത്തേക്കുകൂടി അത് പുതുക്കുന്ന രീതി ഇനി സാധ്യമാവില്ല. പുതിയ സംവിധാനം അനുസരിച്ച് ഒരു മാസം കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയും ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും മാത്രമേയുള്ളൂ. ഒരു മാസത്തെ വിസ ഓണ്‍ലൈനായി ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാനുമാവും. സിംഗിള്‍ എന്‍ട്രി വിസ സ്റ്റാമ്പ് ചെയ്താല്‍ മൂന്ന് മാസത്തിനകം സൗദിയിലെത്തിയിരിക്കണം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഒരു വര്‍ഷമായിരിക്കും ഈ കാലാവധി.