സൗദിയില്‍ കാര്‍ അപകടത്തില്‍പെട്ട് മലയാളി ബാലൻ മരിച്ചു

സൗദിയില്‍  മലയാളി കുടുംബം സഞ്ചരിച്ചിരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് ഒന്‍പത് വയസുകാരന്‍ മരിച്ചു. മാതാപിതാക്കളുള്‍പ്പെടെ കാറിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

തിരുവനന്തപുരം കല്ലറ കാട്ടുമ്പുറം പ്ലാവിള പുത്തന്‍വീട്ടില്‍ രജിത മന്‍സിലില്‍ ഫാരിസ് മന്‍സൂര്‍ (9) ആണ് മരിച്ചത്. മാതാപിതാക്കളായ മന്‍സൂര്‍, റജില ബീഗം, സഹോദരന്‍ മുഹമ്മദ് ഹഫീസ്, കാറോടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി മുഹമ്മദ് നായിഫ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ റജിലയുടെ നില ഗുരുതരമാണ്. ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിവരികയായിരുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്.

റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള അല്‍ഖുവയ്യയില്‍ വെച്ച് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. റോഡിലെ ഗട്ടറില്‍ വീഴാതിരിക്കാന്‍ വാഹനം പെട്ടെന്ന് തിരിച്ചപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ റിയാദ് റബ്‍വയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച ഫാരിസിന്റെ മൃതദേഹം അല്‍ ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.