23 പേർക്ക് ഭക്ഷ്യവിഷബാധ: സൗദിയിൽ ഹോട്ടൽ പൂട്ടി

9

സൗദിയില്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 23 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തുടര്‍ന്ന് റസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാര്‍ ഉത്തരവിട്ടു. ബല്ലസ്മറിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറ് കുട്ടികളും ഒന്‍പത് സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് ചികിത്സ തേടിയത്.

ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയിലെത്തിച്ചത്. ഒരാള്‍ പിന്നീട് ആശുപത്രി വിട്ടു. മറ്റുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. റസ്റ്റോറന്റില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അധികൃതര്‍ റസ്റ്റോറന്റ് പൂട്ടിച്ചത്. വിശദ പരിശോധനകള്‍ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. വിശദമായ അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയും രുപീകരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനാണ് ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്