ദുബായിൽ ആദ്യമായി ഹെവി ലൈസൻസ് നേടുന്ന വനിതയായി മലയാളി യുവതി

ദുബായില്‍ ഹെവി വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് നേടുന്ന ആദ്യ വനിതയെന്ന നേട്ടത്തിനുടമയായിരിക്കുകയാണ് ഒരു മലയാളി യുവതി. ഖിസൈസിലെ സ്വകാര്യ സ്കൂള്‍ ബസില്‍ കണ്ടക്ടറായിരുന്ന കൊല്ലം കുരീപ്പുഴ സ്വദേശിനി സുജ തങ്കച്ചനാണ് ദുബായിയുടെ ചരിത്രത്തില്‍ തന്നെ സ്വന്തം പേരെഴുതി ചേര്‍ത്തത്. നാട്ടില്‍ സ്കൂട്ടര്‍ മാത്രം ഓടിച്ചുള്ള പരിചയം മാത്രമുണ്ടായിരുന്ന സുജ കഠിന പരിശ്രമത്തിലൂടെയാണ് ദുബായിലെ ഹെവി ലൈസന്‍സെന്ന കടമ്പ കടന്നത്.

ആറു തവണയാണ് ലൈസന്‍സിനുള്ള ടെസ്റ്റില്‍ സുജ പരാജയപ്പെട്ടത്. നിശ്ചയദാര്‍ഢ്യം കൈവിടാതെ പരിശീലനം തുടര്‍ന്ന് ഏഴാം തവണ ടെസ്റ്റ് പാസായി. ബസിലെ കണ്ടക്ടര്‍ സ്ഥാനത്തുനിന്ന് ഇനി ഡ്രൈവര്‍ സീറ്റിലേക്ക്. നാട്ടില്‍ ഹെവി വാഹനങ്ങള്‍ ഓടിച്ചിരുന്ന അമ്മാവനാണ് സുജയുടെ മനസിലും വലിയ വാഹനങ്ങള്‍ ഓടിക്കണമെന്ന ആഗ്രഹത്തിന് വിത്തുപാകിയത്. എന്നാല്‍ നാട്ടില്‍ സ്കൂട്ടര്‍ ഓടിക്കാന്‍ മാത്രമാണ് അവസരം ലഭിച്ചത്. പിന്നീട് സ്കൂള്‍ ബസിലെ കണ്ക്ടര്‍ ജോലി കിട്ടി മൂന്ന് വര്‍ഷം മുന്‍പ് ദുബായിലെത്തിയതോടെ പഴയ ആഗ്രഹം വീണ്ടും തലപൊക്കി.

സ്കൂള്‍ അധികൃതരുടെയും നാട്ടിലും ഗള്‍ഫിലുമുള്ള ബന്ധുക്കളുടെയും പിന്തുണയായതോടെ മുന്നോട്ട്പോകാന്‍ തന്നെ ഉറപ്പിച്ചു. ഒന്‍പത് മാസം മുന്‍പാണ് ദുബായിലെ അല്‍ അഹ്‍ലി ഡ്രൈവിങ് സ്കൂളില്‍ പരിശീലനം തുടങ്ങിയത്. പരിശീലകന്‍ ഗീവര്‍ഗീസിന്റെ സഹകരണത്തോടെ ക്ലാസുകള്‍ വേഗത്തില്‍ പൂര്‍ത്തിയായി. ദുബായില്‍ തന്നെ നഴ്സായ സഹോദരന്‍ ഡൊമിനിക്, അച്ഛന്‍ തങ്കച്ചന്‍, അമ്മ ഗ്രേസി തുടങ്ങിയവരെല്ലാം പിന്തുണയുമായി ഒപ്പം നിന്നു. ടെസ്റ്റിലെ പരാജയങ്ങള്‍ക്കൊടുവില്‍ ഏഴാം ശ്രമത്തില്‍ ലൈസന്‍സ് സ്വന്തമാക്കിയപ്പോള്‍ അത് ദുബായിലെ പുതിയ ചരിത്രവുമായി. ദുബായില്‍ ഹെവി ലൈസന്‍സ് സ്വന്തമാക്കുന്ന ആദ്യ വനിതയാണ് സുജയെന്ന് അല്‍ അഹ്‍ലി ഡ്രൈവിങ് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സുജയ്ക്ക് പ്രത്യേക അനുമോദനവും അധികൃതര്‍ നല്‍കി.