ഇനി ഉംറ വിസ ഓൺലൈൻ വഴിയും

റിയാദ്: ഉംറ തീര്‍ഥാടനത്തിനുള്ള വിസകള്‍ ഇടനിലക്കാരില്ലാതെ ആവശ്യക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം. സൗദി അറേബ്യയുടെ ഹജ്ജ് ഉംറ നാഷണല്‍ കമ്മിറ്റിയുടെ പോര്‍ട്ടലായ ‘മഖാം’ എന്ന വെബ്സൈറ്റ് വഴിയാണ് വിസ ലഭിക്കുക. ആവശ്യക്കാരന് ഓണ്‍ലൈനായി ടൂറിസം കമ്പനികളുമായി ബന്ധപ്പെട്ട് 30 ദിവസത്തേക്കുള്ള ഉംറ വിസകള്‍ നേരിട്ട് നേടാന്‍ കഴിയും.

ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനും തീര്‍ത്ഥാടനത്തിന് വരുന്നവര്‍ക്ക് രാജ്യം മുഴുവന്‍ സന്ദര്‍ശിക്കാനും വേണ്ടിയാണ് ഉംറ തീര്‍ത്ഥാടനം കൂടി ചേര്‍ത്തുള്ള ടൂറിസ്റ്റ് വിസകളും അടുത്തിടെ അനുവദിച്ചുതുടങ്ങിയത്. അതേസമയം ടൂറിസത്തിനായി മാത്രവും വിസ അനുവദിക്കുന്നുണ്ട്. അതിന് അപേക്ഷകന്‍റെ മതം പ്രശ്നമല്ല. ഏത് മതത്തില്‍ പെട്ടയാള്‍ക്കും ടൂറിസം വിസ നേടി രാജ്യത്തുവരാം.

ടൂറിസം വിസകള്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ അഭിവൃദ്ധിപ്പെടുത്തുന്നതാണ്. 440 റിയാലാണ് വിസാ ഫീസ്. ഓണ്‍ലൈന്‍ അപേക്ഷ അയച്ച് അഞ്ച് മുതല്‍ 30 വരെ മിനുട്ടിനുള്ളില്‍ വിസ ലഭിക്കും. അപേക്ഷകന് 18 വയസ് പൂര്‍ത്തിയാകണം എന്നതാണ് പ്രധാന വ്യവസ്ഥ. അതില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഒപ്പം രക്ഷിതാവ് ഉണ്ടാവണം. ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സൗദിയിലത്തെിയാല്‍ മതി