ഒമാനിൽ ഈ മാസം 27ന് തെരഞ്ഞെടുപ്പ്

മസ്കറ്റ് : ഒമാനിലെ ഒന്‍പതാമത് മജ്‌ലിസ് ശൂറയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 27ന് നടക്കും. 86 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 637 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 61 വിലായത്തുകളിലായി 110 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 27 ഞായറാഴ്ച രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴുമണി വരെയായിരിക്കും വോട്ടെടുപ്പ് നടക്കുക.

ഈ വര്‍ഷം 7,13,335 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതിൽ 3,75,801 പേര്‍ പുരുഷന്മാരും, 3,37,534 സ്ത്രീകളുമാണ്. നാല് വർഷമാണ് തെരഞ്ഞെടുക്കപെടുന്ന മജ്‌ലിസ് ശൂറയുടെ കാലാവധി . 2015ൽ നടന്ന മജ്‌ലിസ് ശുറാ തെരഞ്ഞെടുപ്പിൽ 6,11,906 വോട്ടർമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിൽ മുഴുവൻ വോട്ടര്‍മാർക്കും പങ്കെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഒക്ടോബര്‍ 27ന് രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 1991 നവംബർ 12നാണ് രാജ്യത്ത് മജ്‌ലിസ് ശുറ നിലവിൽ വന്നത്.