ഒമാനിൽ നിന്ന് പണമയക്കുമ്പോൾ ശ്രദ്ധിക്കുക: കര്‍ശന നിരീക്ഷണവുമായി ഭരണകൂടം

അനധികൃത മാര്‍ഗങ്ങളിലൂടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളെ പിടികൂടാന്‍ ഒമാന്‍ ഭരണകൂടം നിരീക്ഷണം കര്‍ശനമാക്കി. കുഴല്‍പണം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ രാജ്യത്തുനിന്ന് വന്‍തോതില്‍ പണമയക്കപ്പെടുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിന് തടയിടുന്നതിനായി ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ സഹായത്തോടെ മാനപവര്‍ മന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നല്‍കി.

ഒമാനില്‍ തന്നെയുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ വഴി പണം നല്‍കുകയും നാട്ടിലുള്ള മറ്റ് വ്യക്തികള്‍ ഇവരുടെ പേരില്‍ പണം വീട്ടിലെത്തിക്കുകയും ചെയ്യുകയാണെന്ന് ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജനറല്‍ സലിം അല്‍ ബാദി ആരോപിച്ചു. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികള്‍ കണ്ടെത്താന്‍ പ്രയാസമാണ്. എന്നാല്‍ ഒമാന്‍ കേന്ദ്രബാങ്ക് ഇക്കാര്യത്തില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തുകയാണെന്നും ഇത്തരക്കാരെ കണ്ടെത്താന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒമാനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഒമാന്‍ ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.