കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഒക്ടോബർ 26ന്) അവധി

10

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (ഒക്ടോബർ 26ന്) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ക്കും അംഗൻവാടികളും അവധി ബാധകമായിരിക്കും. കലാമേളകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളതല്ല. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റിനെ തുടർന്ന് കാസർകോട് ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ഉപജില്ലാ സ്കൂൾ കലോത്സവ വേദി കാറ്റിൽ തകർന്ന് വീണു. തലനാരിഴക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. സംസ്കൃതോത്സവം പുരോഗമിക്കുന്നതിനിടെ കാറ്റും മഴയും ശക്തമാവുകയായിരുന്നു. വിദ്യാർത്ഥികൾ വേദിയിൽ നിന്നും ഇറങ്ങി ഓടുന്നതിനിടെ പന്തൽ തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ജില്ലയിൽ ഇന്ന് കാറ്റും മഴയും ശക്തമാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധി നൽകിയിരുന്നു. സ്കൂൾ കലോത്സവ ക്രമം താളം തെറ്റുമെന്നതിനെ തുടർന്നാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെ ഉപ ജില്ലാ കലോത്സവം നടത്താൻ അനുമതി നൽകിയത്. മരം കടപുഴകി വീണ് രാവണീശ്വരം ഹയർസെക്കന്ററി സ്കൂൾ കെട്ടിടം തകർന്നു. കാസർകോട് വിത്തുത്പാദന കേന്ദ്രമടക്കം ചിലകെട്ടിടങ്ങളും വീടുകളും ഭാഗികമായി തകർന്നിട്ടുണ്ട്.

ദേശീയപാതയിൽ കറന്തക്കാട് നിർത്തിയിട്ടിരുന്ന വാഹനത്തിന് മുകളിലേക്ക് വൻ മരം കടപുഴകി വീണു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.