കുവൈത്തിൽ ഇനി കുടുംബവിസയിൽ രക്ഷിതാക്കളെ കൊണ്ടുവരാനാകില്ല

കുവൈത്തിൽ ഇനി മുതല്‍ രക്ഷിതാക്കളെ കുടുംബവിസയിൽ കൊണ്ടുവരാൻ അനുവദിക്കില്ല. പ്രവാസികളുടെ മാതാപിതാക്കളെ കുടുംബവിസയിൽ കൊണ്ടുവരുന്നത് വിലക്കി താമസകാര്യവകുപ്പ് ഉത്തരവിറക്കി. അവശ്യമെങ്കിൽ മാതാപിതാക്കളെ ഒരു മാസത്തെ സന്ദർശക വിസയിൽ കൊണ്ടുവരാം. കുവൈത്തിൽ പ്രവാസികൾക്ക് നേരത്തെ കുടുബ വിസയിൽ മാതാപിതാക്കളെ കൊണ്ടു വരാമായിരുന്നു. ഈ നിയമത്തിനാണ് ഇപ്പോൾ ഭേതഗതി വരുത്തി താമസ കാര്യ വകുപ്പ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.

അതേസമയം മാതാപിതാക്കളെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിന് തടസ്സമില്ല. പുതിയ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും. മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ സന്ദർശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക. ബിസിനസ് ആവശ്യാർഥമുള്ള സന്ദർശകർക്കും ഒരുമാസ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി ദീർഘിപ്പിച്ചു നൽകില്ല. വിദേശികൾക്ക് രക്ഷിതാക്കളെ സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 500 കുവൈത്ത് ദീനാർ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ 250 ദീനാർ മതി.

അതേസമയം, നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ ഭാര്യയെയും മക്കളെയും കുടുംബവിസയിൽ കുവൈത്തിൽ കൊണ്ടുവരുന്നതിനും നിലനിർത്തുന്നതിനും തടസ്സമില്ല. സ്പോൺസറുടെ ശമ്പള പരിധി ഉൾപ്പെടെ പൊതുയായ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും ഇത്. 22-ാം നമ്പർ കുടുംബവിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പള പരിധി ആഗസ്റ്റിൽ 500 ദീനാറായി ഉയർത്തിയിരുന്നു. ചില തസ്തികയിൽ ജോലിയെടുക്കുന്നവരെ ശമ്പള പരിധി നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.