കുവൈറ്റിൽ പ്രവാസികൾക്ക് തിരിച്ചടിയാകുന്ന പുതിയ നിർദേശങ്ങൾ…

കുവൈത്തിൽ വിദേശികളുടെ താമസാനുമതി കാലം പരമാവധി അഞ്ചു വർഷമാക്കി കുറക്കണമെന്ന് പാർലമെന്റംഗം സഭയിൽ ആവശ്യപ്പെട്ടു. താമസാനുമതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട 14 നിർദ്ദേശങ്ങൾ സഫാ അൽ ഹാഷിം പാർലമെന്റിൽ അവതരിപ്പിച്ചു. പ്രവാസികൾക്ക് വൻ തിരിച്ചടിയാകുന്ന നിർദ്ദേശങ്ങളാണ് അധികവും.

സ്‌പോൺസറുടെ കൂടെയല്ലാതെ ജോലി ചെയ്യുന്ന മുഴുവൻ വിദേശികളെയും നാടുകടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശികളുടെ പരമാവധി താമസക്കാലം അഞ്ചു വർഷമാക്കി പരിമിതപ്പെടുത്തണം. നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ 40 വയസ്സ് പൂർത്തിയായവരെയും രോഗമോ വൈകല്യമോ ഉള്ളവരെയും സ്വന്തം നാടുകളിലേക്ക് അയക്കണം. വിദ്യാഭ്യാസ യോഗ്യതയും നിലവിൽ ജോലി ചെയ്യുന്ന തസ്തികയും തമ്മിൽ വൈരുധ്യമുണ്ടെങ്കിലും നാടുകടത്തണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിസയിൽ അല്ലാതെ വിദേശികൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ നാടുകടത്തുകയും വിദേശികളെ കൊണ്ട് വരുന്നതിൽ നിന്ന് ആ സ്ഥാപനത്തെ തടയുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നു തവണ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന വിദേശികളെ നാടുകടത്തണമെന്നും നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് വീണ്ടും രാജ്യത്തേക്ക് വരുന്നത് തടയണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് കരട് നിയമത്തിലുള്ളത്.  ഇഖാമയും വിദ്യാഭ്യാസ യോഗ്യതയും തമ്മിൽ ലിങ്കിംഗ് സാധ്യമാക്കി, വിദേശികളെ രാജ്യത്തിനു ആവശ്യമാണെങ്കിൽ മാത്രം തുടരാൻ അനുവദിക്കണമെന്നും നിർദേശത്തിൽ ഉണ്ട്. രാജ്യത്തെ വിദേശികളുടെ എണ്ണം അപകടകരമാം വിധം വർധിച്ചതായി ചൂണ്ടിക്കാട്ടിയാണ് പുതിയ നിർദ്ദേശങ്ങൾ.