കൂടുതൽ അമേരിക്കൻ സൈന്യം സൗദിയിലേക്ക്, ആയുധങ്ങളും എത്തും

9

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യത തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരും ആയുധങ്ങളും എത്തുന്നു. 3000 സൈനികരും പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും താഡ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവും വ്യോമ നിരീക്ഷണ വിഭാഗവും ഉള്‍പ്പെടെയുള്ള വന്‍ സന്നാഹമാണ് സൗദിയിലേക്ക് എത്തുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശമനുസരിച്ചാണ് അമേരിക്കന്‍ സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സൗദി അരാംകോയുടെ എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങള്‍ക്ക് ശേഷം മേഖലയില്‍ നിലനില്‍ക്കുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നീക്കം. കൂടുതല്‍ സൈന്യത്തെ സൗദിയില്‍ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രി മാര്‍ക് എസ്പര്‍ അനുമതി നല്‍കി. സൗദിയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും ആഗോള സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനുള്ള ശ്രമമായാണ് പുതിയ നീക്കത്തെ കാണുന്നതെന്നും സൗദി വൃത്തങ്ങള്‍ പ്രതികരിച്ചു. 200 സൈനികരെയും കൂടുതല്‍ മിസൈല്‍ സംവിധാനങ്ങള്‍ സൗദിയില്‍ വിന്യസിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ അമേരിക്ക അറിയിച്ചുരുന്നു. ഇതിനുപിന്നാലെയാണ് വന്‍തോതില്‍ സൈനികശേഷി വര്‍ദ്ധിപ്പിക്കുന്നത്.