ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പച്ച ടാക്സി കാറുകൾ

ഹജ്ജ്, ഉംറ തീര്‍ഥാടകരടക്കം ആശ്രയിക്കുന്ന ലോകപ്രശസ്തമായ ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി ടാക്സി കാറുകള്‍ക്ക് നിറം പച്ച. സിവില്‍ ഏവിയേഷന്‍ വക്താവ് ഇബ്രാഹിം അല്‍റുഅസാഅ് അറിയിച്ചതാണ് ഇക്കാര്യം. ഏവിയേഷന്‍ അതോറിറ്റിക്കും പൊതുഗതാത വകുപ്പിനുമായിരിക്കും എയര്‍പ്പോര്‍ട്ട് ടാക്സികളുടെ പൂര്‍ണ നിയന്ത്രണം.

നിലവില്‍ സൗദിയില്‍ ടാക്സി കാറുകളുടെ നിറം വെള്ളയാണ്. എന്നാല്‍ ജിദ്ദ വിമാനത്താവളത്തില്‍ ഇനി മുതല്‍ പച്ച നിറമാക്കി മാറ്റുകയാണ്. എയര്‍പ്പോര്‍ട്ട് ടാക്സികളെ വേഗം തിരിച്ചറിയാനാണിത്. ഹജ്ജിനും ഉംറയ്ക്കുമുള്ള ഭൂരിപക്ഷം തീര്‍ഥാടകരും വന്നിറങ്ങുന്നതും മടങ്ങുന്നതും ജിദ്ദ എയര്‍പ്പോര്‍ട്ട് വഴിയാണ്. ഹജ്ജ് കാലം ഒഴികെ ബാക്കി മാസങ്ങളിലെല്ലാം ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ദിനേനെയെന്നോണം ആയിരക്കണക്കിന് ഉംറ തീര്‍ഥാടകരാണ് ഈ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്. വിമാനത്താവളത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ മക്ക പുണ്യനഗരത്തിലേക്ക് പോകാന്‍ അധികം പേരും ടാക്സി കാറുകളെയാണ് ആശ്രയിക്കുന്നത്. തിരികെ വിമാനത്താവളത്തിലേക്ക് വരാനും ടാക്സികളാണ് ആശ്രയം. പച്ച നിറമാകുന്നതോടെ മറ്റ് ടാക്സികളില്‍ ഇവയെ വേറിട്ടറിയുന്നത് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകും.