നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കി പാകിസ്ഥാൻ പോപ്പ് ​ഗായിക

9

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കി പാകിസ്ഥാൻ പോപ്പ് ​ഗായിക റാബി പിര്‍സാദ വീണ്ടും രം​ഗത്ത്.  പ്രതീകാത്മകമായി സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മോദിക്കെതിരെ റാബി വധഭീഷണി മുഴക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പിൽ പ്രധാനമന്ത്രിയെ ഹിറ്റ്‌ലര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘കശ്മീരി കി ബേട്ടി ‘എന്ന ഹാഷ് ടാഗും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, റാബിയയുടെ ട്വീറ്റിനെതിരെ വ്യാപക പരിഹാസവും പ്രതിഷേധവുമാണ് ഉയരുന്നത്. പാകിസ്ഥാന്റെ പരമ്പരാ​ഗത വസ്ത്രത്തിൽ കാണാൻ കൊള്ളാം, സൂയിസൈഡ് ബോബ് ബെൽറ്റ് ധരിച്ചുള്ള വസ്ത്രം പാകിസ്ഥാന്റെ ദേശീയ വസ്ത്രമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരിക്കുകയാണ്, സൂയിസൈഡ് ബോബ് ബെൽറ്റ് പൊട്ടുമോ എന്ന് നോക്കാനായി ഒരു ഡമോ കാണിക്കാമോ എന്നിങ്ങനെ നിരവധി പരിഹാസരൂപേണയുള്ള കമന്റുകളാണ് ട്വീറ്റിന് താഴെ വന്നിരിക്കുന്നത്.

പാകിസ്ഥാനിൽ നിന്നുള്ള സോഷ്യൽമീഡിയ ഉപയോക്താക്കളും റാബിക്കെതിരെ രം​ഗത്തെത്തിയിട്ടുണ്ട്. ലാഹോര്‍ സ്വദേശിയായ റാബിയുടെ ഇത്തരം പോസ്റ്റുകൾ ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകരുന്നതിന് കാരണമാകുമെന്നാണ് പാകിസ്ഥാനിൽനിന്നുള്ളവരുടെ പ്രധാന വിമർശനം. പ്രതിഷേധം ശക്തമായതോടെ റാബി ട്വീറ്റ് പിന്‍വലിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് റാബി പിര്‍സാദ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സെപ്തംബറിൽ മോദിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കി റാബി രംഗത്തെത്തിയിരുന്നു. മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന വീഡിയോ ആയിരുന്നു റാബി പങ്കുവച്ചിരുന്നത്.

പാമ്പുകളെയും മുതലയെയും മോദിക്ക് സമ്മാനമായി നല്‍കുമെന്നായിരുന്നു അന്ന് റാബിയുടെ ഭീഷണി. എന്നാല്‍, വീഡിയോ വൈറലായതോടെ പെരുമ്പാമ്പ്, മുതല തുടങ്ങിയ വന്യജീവികളെ അനധികൃതമായി കൈവശം വച്ച കുറ്റത്തിന്  പിഴയൊടുക്കണമെന്ന് പാകിസ്ഥാനിലെ പഞ്ചാബ് വന്യജീവി വകുപ്പ് റാബിയോട് നിർദ്ദേശിച്ചിരുന്നു.