നരേന്ദ്ര മോദി ഒക്ടോബർ 29 നു സൗദിയിൽ എത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29 നു സൗദിയിൽ എത്തും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മോദിയുടെ സന്ദർശനത്തെ ഇരു രാജ്യങ്ങളും പ്രാധാന്യത്തോടെയാണ് കാണുന്നത്. ഈ മാസം 29 നു റിയാദിലെത്തുന്ന പ്രധാനമന്ത്രി സൗദിയിലെ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തത്.

നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ദിവസം സൗദിയിൽ എത്തിയതെന്നാണ് സൂചന. ദേശീയ എണ്ണക്കമ്പിനിയായ അരാംകൊ എണ്ണ പ്ലാന്റിൽ അടുത്തിടെ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം സൗദി ഭീകരതയ്ക്കെതിരെ നിലപാട് കടുപ്പിച്ചിട്ടുണ്ട്.

ഒപ്പം ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാഷ്ട്രങ്ങളുമായി ചേർന്ന് ആഗോള ഭീകരതയെയ്ക്കെതിരെ പോരാട്ടം ശക്തമാക്കാനുമാണ് തീരുമാനം. ഈ സാഹചര്യത്തിൽ മോദിയുടെ സൗദി സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യത്തോടെയാണ് കാണുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് റിയാദിലെ ഇന്ത്യൻ എംബസ്സി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.