നൈറ്റ് ഷിഫ്റ്റ്‌ ജോലിക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി സൗദി

സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹ്‍മദ് അല്‍ രാജ്‍ഹിയാണ് പുതിയ വ്യവസ്ഥകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

2020 ജനുവരി ഒന്നു മുതലാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നത്. അന്നുമുതല്‍ തന്നെ രാത്രി ഷിഫ്‍റ്റിലെ ജീവനക്കാര്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും പ്രാബല്യത്തില്‍ വരും. രാത്രി 11 മണി മുതല്‍ രാവിലെ ആറു മണി വരെയുള്ള ജോലി സമയമാണ് രാത്രി ഷിഫ്റ്റായി കണക്കാക്കുന്നത്. ഈ സമയം ജോലി ചെയ്യുന്നവര്‍ക്ക്ഗതാഗത സൗകര്യം ലഭ്യമല്ലെങ്കില്‍ അതിന് തൊഴിലുടമ ഗതാഗത അലവന്‍സ് നല്‍കുകയോ പകരം ഗതാഗത സംവിധാനം ഒരുക്കുകയോ വേണം. ഇതിനുപുറമെ ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളുമുണ്ടാക്കണം.

രാത്രി ജോലി ആരോഗ്യത്തിന് ഹാനികരമാകുമെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടുള്ളവര്‍, പ്രസവശേഷം 24 ആഴ്ചയാകുന്നതുവരെയുള്ള സ്ത്രീ ജീവനക്കാര്‍ എന്നിവരെ രാത്രി ഷിഫ്റ്റുകളില്‍ നിയോഗിക്കാന്‍ പാടില്ല. പ്രസവം കഴിഞ്ഞ് 24 ആഴ്ചകള്‍ക്ക് ശേഷവും സ്ത്രീ ജീവനക്കാര്‍ക്ക് കൂടുതല്‍ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നപക്ഷം അതിനുശേഷവും രാത്രി ഷിഫ്റ്റില്‍ നിയോഗിക്കരുത്. ഒപ്പം മൂന്ന് മാസം തുടര്‍ച്ചയായി രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തവരെ തുടര്‍ന്നും രാത്രി ഷിഫ്റ്റില്‍ തന്നെ നിയോഗിക്കണമെങ്കില്‍ തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതി ലഭിച്ചിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. രാത്രി ഷിഫ്റ്റിലുള്ളവര്‍ക്കും തൊഴില്‍ പരിശീലനങ്ങളില്‍ തുല്യ അവസരം നല്‍കണമെന്നും സ്ഥാനക്കയറ്റത്തിലും മറ്റും വിവേചനം കാണിക്കരുതെന്നുമാണ് വ്യവസ്ഥ