ബലൂണ്‍ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരിക്ക് .

ഷാര്‍ജ: ഹോട്ട് എയര്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്കേറ്റു. ഷാര്‍ജയിലെ അല്‍ ബദായറില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സെസേര്‍ട്ട് സഫാരി ആസ്വദിക്കാനായി രണ്ടാഴ്ച മുന്‍പ് യുഎഇയിലെത്തിയ 54കാരനാണ് അപകടത്തില്‍ പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വൈകുന്നേരം ആറ് മണിയോടെയാണ് അപകടം സംബന്ധിച്ച് ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. സി.ഐ.ഡി, പൊലീസ്, ആംബുലന്‍സ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. എന്നാല്‍ പരിക്കേറ്റയാള്‍ അതീവഗുരുതരാവസ്ഥയിലായതിനാല്‍ എയര്‍ വിങ്ങിന്റെ സഹായം തേടുകയായിരുന്നു. പിന്നീട് ഹെലികോപ്റ്റര്‍ എത്തിയാണ് ഇയാളെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സാങ്കേതിക തകരാറുകള്‍ കാരണം ബലൂണ്‍ അതിവേഗം താഴേക്ക് പതിക്കുകയായിരുന്നുവെന്നും അപകടത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും