ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാൻ സൗദി അറേബ്യ : റഷ്യൻ സ്‌പേസ് ഏജൻസിയുമായി കരാർ ഒപ്പുവെച്ചു

18

രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് സൗദി ബഹിരാകാശ യാത്രികനെ അയക്കുന്നതിനു റഷ്യൻ സ്‌പേസ് ഏജൻസി റോസ് കോസ്‌മോസും സൗദി സ്പേസ് ഏജൻസി കരാർ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ സൗദി സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങളിലെയും സ്‌പേസ് ഏജൻസികൾ തമ്മിൽ കരാർ ഒപ്പിട്ടത്. സൗദി ബഹിരാകാശ യാത്രികനെ സ്‌പേസ് സ്റ്റേഷനിലേക്ക് അയക്കുന്നതിനുള്ള ചർച്ചകൾ ഈ വർഷം ആദ്യമാണ് തുടങ്ങിയത്.
2017 ൽ സൽമാൻ രാജാവ് നടത്തിയ റഷ്യൻ സന്ദർശനത്തോടെയാണ് ബഹിരാകാശ മേഖലയിൽ സൗദി-റഷ്യ സഹകരണത്തിന് തുടക്കമായത്.

സമാധാനപരമായ ആവശ്യങ്ങൾക്ക് ബഹിരാകാശ പര്യവേഷണ മേഖലയിൽ സഹകരിക്കുന്നതിനു അന്ന് ഇരു രാജ്യങ്ങളും കരാർ ഒപ്പുവെച്ചിരുന്നു.ബഹിരാകാശ മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനും ഈ മേഖലയിൽ മുൻനിര രാജ്യങ്ങളുടെ പരിചയസമ്പത്തു പ്രയോജനപ്പെടുത്തുന്നതിനുമാണ് സൗദി  ആഗ്രഹിക്കുന്നതെന്ന് സൗദി സ്‌പേസ് ഏജൻസി ഡയറക്ടർ ബോർഡ് ചെയർമാൻ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകുന്നതിനും സാറ്റലൈറ്റ് നിർമ്മാണ മേഖലയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിനും റഷ്യൻ സ്‌പേസ് ഏജൻസികളുമായി സഹകരിക്കുന്നതിനു ശ്രമിച്ചുവരികയാണെന്നും സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.