ബഹ്റൈനില്‍ ലേബര്‍ ക്യാമ്പിൽ മദ്യവിതരണം : പ്രവാസികള്‍ അറസ്റ്റിൽ

മനാമ: ലേബര്‍ ക്യാമ്പുകളില്‍ മദ്യവിതരണം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പ്രവാസികള്‍ ബഹ്റൈനില്‍ അറസ്റ്റില്‍. എകറിലെ ലേബര്‍ ക്യാമ്പില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെ വന്‍ശേഖരവും പിടിച്ചെടുത്തു. എകറില്‍ നിരവധി തൊഴിലാളികള്‍ മദ്യപിച്ച് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അമ്മാര്‍ അല്‍ മുക്താര്‍ എം.പി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയവും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് പരിശോധന നടത്തി നിരവധിപ്പേരെ പിടികൂടിയത്. പ്രവാസികളെ അറസ്റ്റ് ചെയ്തവിവരം ഹൂറ പൊലീസ് സ്ഥിരീകരിച്ചു. മദ്യം കൈവശം വെയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. പിടിയിലായവര്‍ക്കെതിരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ഒറ്റത്തവണത്തെ പരിശോധന കൊണ്ട് മദ്യവില്‍പ്പന അവസാനിക്കില്ലെന്നായിരുന്നു അമ്മാര്‍ എല്‍ മുക്താര്‍ എം.പിയുടെ പ്രതികരണം. പരാതികള്‍ക്ക് കാത്തുനില്‍ക്കാതെ പൊലീസ് പതിവായി പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു