യുഎഇ ആർട്ടിസ്റ്റുകൾക്കായി ഇനി മുതൽ പ്രത്യേക ദീർഘകാല വിസ അനുവദിക്കും

യുഎഇ ആർട്ടിസ്റ്റുകൾക്കായി ഇനി മുതൽ പ്രത്യേക ദീർഘകാല വിസ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദീർഘകാല വിസ പ്രഖ്യാപിച്ചത്. കലാ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ആറായിരത്തിലേറെ കമ്പനികൾ ദുബായിലുണ്ട്. അഞ്ച് ക്രിയേറ്റീവ് ക്ലസ്റ്ററുകളും 20 മ്യൂസിയങ്ങളും 550ലധികം സാംസ്കാരിക പരിപാടികളും ലക്ഷക്കണക്കിന് സന്ദർശകരെ ദുബായിലേക്ക് ആകർഷിക്കുന്നു. ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോരിറ്റിയിൽ നടത്തിയ സന്ദർശനത്തിനിടെയാണ് സാംസ്കാരിക ആവശ്യങ്ങൾക്കായി ആർട്ടിസ്റ്റുകൾക്ക് ദീർഘകാല വിസ അനുവദിക്കാനുള്ള തീരുമാനം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. ദുബായ് കൾച്ചർ ആന്റ് ആർട്സ് സൊസൈറ്റി അധ്യക്ഷ ശൈഖ ലതീഫ ബിൻ മുഹമ്മദുമായി നടത്തിയ ചർച്ചയിൽ സാംസ്കാരിക രംഗത്ത് ദുബായിക്ക് പുതിയ കാഴ്ചപ്പാടും സംരംഭങ്ങളും ആവശ്യമാണെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ദുബായിലെ ഏഴ് കൾച്ചറൽ സെന്ററുകളെ ലൈഫ് സ്കൂളുകളാക്കി മാറ്റുമെന്നും അവിടെ കലാ സാംസ്കരിക പഠനങ്ങൾക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.