യു.എ.ഇ. എക്സ്ചേഞ്ചിന് എമിറേറ്റേസേഷൻ മന്ത്രാലയത്തിന്റെ അംഗീകാരം

സ്വദേശികളായ ബിരുദ വിദ്യാർത്ഥികൾക്ക് വേനലവധിക്കാലത്ത് ജോലി ചെയ്യുന്നതിനും തൊഴിൽ പരിശീലനത്തിനും മികച്ച അവസരമൊരുക്കിയതിന്, ഫിനാബ്ലർ ഗ്രൂപ്പിലെ പ്രമുഖ ധന വിനിമയ ബ്രാൻഡ് യു.എ.ഇ. എക്സ്ചേഞ്ചിന്, യു.എ.ഇ. മനുഷ്യ വിഭവ – എമിറേറ്റേസേഷൻ വകുപ്പിന്റെ പ്രത്യേക അംഗീകാരം ലഭിച്ചു. മന്ത്രാലയം പ്രഖ്യാപിച്ച ‘നാഷണൽ പ്രോഗ്രാം ഫോർ സ്റ്റുഡന്റ്സ് ഇന്റേൺഷിപ്പ് ആൻഡ് സമ്മർ ജോബ്‌സ്’ എന്ന പരിപാടിയിൽ ഗണ്യമായ പങ്കാളിത്തവും അവസരങ്ങളും ഒരുക്കിയതിനുള്ള അംഗീകാരം പ്രസ്തുത വകുപ്പ് മന്ത്രി നാസർ ബിൻ താനി ജുമാ അൽ ഹാംലിയിൽ നിന്ന് യു.എ.ഇ. എക്സ്ചേഞ്ച് കൺട്രി ഹെഡ് അബ്ദെൽ കരീം അൽ കായേദ് ഏറ്റുവാങ്ങി.  ‘താലീം’ എന്ന ഈ പരിപാടിയിലൂടെ നാല് മുതൽ എട്ട് ആഴ്ചകൾ വരെ തങ്ങളുടെ പ്രവർത്തിസ്ഥലങ്ങളിൽ യുവ വിദ്യാർത്ഥികൾക്ക് നേരിട്ട് പരിശീലനം ഒരുക്കിയിരുന്നു.  വിദ്യാർത്ഥികളിൽ യോഗ്യരായവർക്ക് ഒഴിവനുസരിച്ച് സ്ഥിരം ജോലി നൽകുന്നതിനും സംവിധാനമുണ്ടാക്കിയിരുന്നു.

രാജ്യത്തെ വിദ്യാസമ്പന്നരായ യുവതലമുറയെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിൽ ശ്രദ്ധേയമായ സഹകരണം ഉറപ്പു വരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ആ ദൗത്യം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ ചാരിതാർഥ്യമുണ്ടെന്നും ഉപഹാരം സ്വീകരിച്ചു കൊണ്ട് യു.എ.ഇ. എക്സ്ചേഞ്ച് കൺട്രി ഹെഡ് അബ്ദെൽ കരീം അൽ കായേദ് പ്രതികരിച്ചു. നാടിന്റെ സുസ്ഥിര വളർച്ചയിൽ ഈ വിദ്യാർഥീസമൂഹം നിർണ്ണായക സ്ഥാനം നേടുമെന്നും അദ്ദേഹം പറഞ്ഞു