റോഡപകടത്തില്‍ പരിക്കേറ്റ പത്തുവയസ്സുകാരനെ ആശുപത്രിയിൽ എത്തിച്ചത് ഹെലികോപ്റ്ററിൽ

9

ഷാര്‍ജയിലുണ്ടായ റോഡപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ സ്വദേശിയായ പത്തുവയസ്സുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്.

അപകടത്തില്‍ പരിക്കേറ്റ മറ്റ് ഏഴ് പേരെയും അല്‍ ഖാസിമി, അല്‍ കുവൈത്ത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അനധികൃതമായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. റോഡ് മുറിച്ചുകടന്നത് രണ്ട് വാഹനങ്ങള്‍ തമ്മില്‍ ഇടിക്കുന്നതിന് കാരണമായെന്നും ട്രാഫിക് പൊലീസ് വ്യക്തമാക്കി.

വൈകീട്ട് നാല് മണിയോടെയാണ് അപകടം നടന്നെന്ന വിവരം ലഭിക്കുന്നത്. ട്രാഫിക് പട്രോള്‍, ആംബുലന്‍സുകള്‍, പാരാമെഡിക്സ്, രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ മൂന്ന് മിനുട്ടിനുള്ളില്‍ സംഭവസ്ഥലത്തെത്തിയെന്നും പൊലീസ് പറഞ്ഞു.

പരിക്കേറ്റവരില്‍ ചിലര്‍ ഐസിയുവിലാണ്. ചിലര്‍ക്ക് ചികിത്സ നല്‍കുന്നത് അത്യാഹിത വിഭാഗത്തിലാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ യാത്രികര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അനദികൃതമായി റോഡ് മുറിച്ചുകടക്കരുതെന്നും അതിനായി സൂചനകള്‍ നല്‍കുമ്പോള്‍ മാത്രമേ റോഡ് മുറിച്ചുകടക്കാവൂ എന്നും മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ റോഡില്‍ കൃത്യമായി അകലം പാലിക്കണമെന്ന് ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടു.