ലിഫ്റ്റില്‍ വെച്ച് പെൺകുട്ടിയെ ചുംബിച്ച പാകിസ്ഥാനി പൗരന് ശിക്ഷ വിധിച്ചു

11

ലിഫ്റ്റില്‍ വെച്ച് 11 വയസുകാരിയെ ചുംബിച്ച കുറ്റത്തിന് അറസ്റ്റിലായ പാകിസ്ഥാനി പൗരന് കോടതി ശിക്ഷ വിധിച്ചു. 32കാരനായ പ്രതിക്ക് പൗരന് മൂന്ന് മാസം ജയില്‍ ശിക്ഷയും ഇതിന് ശേഷം നാടുകടത്തലുമാണ് ശിക്ഷ. ദുബായില്‍ പെയിന്ററായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.

ജൂണ്‍ 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി താമസിച്ചിരുന്ന കെട്ടിടത്തിലെ ലിഫ്റ്റില്‍ വെച്ച് പലതവണ ഇയാള്‍ കുട്ടിയെ ചുംബിച്ചതായാണ് രക്ഷിതാക്കള്‍ നാഇഫ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നത്.  കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ ലിഫ്റ്റില്‍ വെച്ച് രണ്ട് തവണ ഇയാള്‍ പെണ്‍കുട്ടിയെ ചുംബിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

ഉച്ചയ്ക്ക് 1.40ന് പെണ്‍കുട്ടിയും സഹോദരിയും കെട്ടിടത്തിന്റെ പുറത്തുനില്‍ക്കുന്നത് കണ്ട് അവരെ പിന്തുടര്‍ന്നെന്നും ഇരുവരും ലിഫ്റ്റില്‍ കയറിയപ്പോള്‍ 11 വയസുകാരിയെ ബലമായി പിടിച്ച് ചുണ്ടില്‍ ചുംബിച്ചുവെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പെണ്‍കുട്ടികളെ പിന്തുടരുന്നതും അവര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറുന്നതും സിസിടിവി ദൃശ്യങ്ങളിലും വ്യക്തമായിരുന്നു. പ്രതിയെ പലതവണ മറ്റുള്ളവര്‍ക്കിടയില്‍ നിന്ന് പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു.