‘ഷുഹൈബ് പ്രവാസി മിത്ര’ പുരസ്‌ക്കാരം ഷിഹാബ് കൊട്ടുകാടിന്

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ഏർപ്പെടുത്തിയ രണ്ടാമത് ‘ഷുഹൈബ് പ്രവാസി മിത്ര’ പുരസ്‌ക്കാരത്തിന് ഷിഹാബ് കൊട്ടുകാട് അർഹനായി. യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന അനശ്വരനായ ധീര രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർത്ഥം ഐ വൈ സി സി ഏർപ്പെടുത്തിയ രണ്ടാമത് പുരസ്‌ക്കാരത്തിനാണ് സൗദി അറേബ്യ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് അർഹനായത്.

തൊഴിൽ – വിസാ പ്രശ്നങ്ങളിൽ അകപ്പെട്ടവർ, അപകടങ്ങളിൽ പെട്ടും, മറ്റു അസുഖങ്ങൾ മൂലവും ആശുപത്രിയിൽ കഴിയുന്നവർ, നിയമ കുരുക്കിൽ പെട്ട് ജയിലിൽ കഴിയുന്നവർ എന്നിവർക്കു സഹായങ്ങൾ ചെയ്യ്‌തു കൊണ്ടും, മരണപ്പെടുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിനും, സൗദിയിൽ തന്നെ സംസ്ക്കരിക്കുന്നതിനുമായൊക്കെ ബന്ധപ്പെട്ടു നിസ്വാർത്ഥമായി സൗദിയിലെ പ്രവാസികൾക്കിടയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുകയാണ് ഷിഹാബ് കൊട്ടുകാട്. 2011-ൽ നോർക്കയുടെ ജനറൽ കൺസൾട്ടൻറ് ആയി കേരള സർക്കാർ അദ്ദേഹത്തെ നിയമിച്ചു. പ്രവാസി സമ്മാൻ പുരസ്‌ക്കാര ജേതാവുകൂടിയാണ് ഷിഹാബ് കൊട്ടുകാട്.

ക്ലിക്സ് ഇവൻസിന്റെ സഹകരണത്തോടെ ഒക്ടോബർ 25 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കെ.സി.എ ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന  “ഐ വൈ സി സി യൂത്ത് ഫെസ്റ്റ് – 2019” ന്റെ വേദിയിൽ വച്ച് പുരസ്ക്കാരം സമ്മാനിക്കും. കോൺഗ്രസ്സ് – യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന “യൂത്ത് ഫെസ്റ്റ് – 2019” ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.