സൗദിയിലേക്ക് ഓൺലൈൻ വിസയിൽ വിനോദ സഞ്ചാരികൾ എത്തി തുടങ്ങി

13

സൗദിയിലേക്ക് ഓൺലൈൻ വിസയിൽ വിനോദ സഞ്ചാരികൾ എത്തി തുടങ്ങി. ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 2030ഓടെ രാജ്യത്തേക്ക് 100 മില്ല്യൺ ടൂറിസ്റ്റുകളെ ആകർഷിക്കുകയും ഒരു മില്ല്യൺ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.49 രാജ്യങ്ങളിലെ പൗരന്മാർക്ക് ഓൺലൈനായി ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന നടപടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദി വിനോദ സഞ്ചാര ദേശീയ പൈതൃക കമ്മീഷൻ ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പുതിയ വിസയിൽ ടൂറിസ്റ്റുകൾ രാജ്യത്തെത്തി തുടങ്ങി.വിസ ഡോട്ട് വിസിറ്റ്സൗദി ഡോട്ട് കോം എന്ന പോർട്ടൽ വഴി വിസക്കുള്ള അപേക്ഷ സമർപ്പിച്ച് പണമടച്ചാൽ ഇമെയിലിൽ വിസ ലഭിക്കും. സിങ്കിൾ എന്ട്രി വിസയിൽ വരുന്നവർക്ക് 30 ദിവസം രാജ്യത്ത് തങ്ങാൻ അനുമതിയുണ്ട്. എന്നാൽ മൾട്ടിപ്പിൾ എന്ട്രി വിസയിലെത്തുന്നവർക്ക് വർഷത്തിൽ ഒന്നിലധികം തവണ രാജ്യം സന്ദർശിക്കാം. അതേസമയം 90 ദിവസത്തിൽ കൂടുതൽ തുടർച്ചായി തങ്ങാൻ അനുവാദമില്ല. ടൂറിസ്റ്റ് വിസയിലെത്തുന്ന വിശ്വാസികൾക്ക് ഉംറ ചെയ്യുന്നതിനും മദീന സന്ദർശനത്തിനും അനുമതിയുണ്ടായിരിക്കും. വനിതകൾക്ക് ഹജ്ജ് സീസണിലൊഴികെ ബന്ധുക്കളായ പുരുഷന്മാരില്ലാതെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നുണ്ട്.