സൗദിയിൽ തൊഴിലാളികള്‍ക്കെതിരെയുള്ള കയ്യേറ്റങ്ങൾ തടയാന്‍ പുതിയ നിയമം.

11

സൗദിയിൽ തൊഴിലാളികള്‍ക്കെതിരെയുള്ള കയ്യേറ്റങ്ങൾ തടയാന്‍ പുതിയ നിയമം. ഞായറാഴ്ച മുതല്‍ നിയമം പ്രാബല്യത്തിൽ വരും. ജീവനു ഭീഷണിയെങ്കില്‍ പുതിയ നിയമം പ്രകാരം തൊഴിലാളികള്‍ക്ക് തൊഴിലിടം വിട്ടുപോകാം. തൊഴിലാളികള്‍ക്കെതിരെ കയ്യേറ്റം, മാനസിക പീഡനം, അസഭ്യം പറയൽ, പരിഹസിക്കല്‍, തുടങ്ങിയ കുറ്റങ്ങളിൽ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന പുതിയ നിയമം ഈ മാസം ഇരുപതു മുതൽ പ്രാബല്യത്തിൽ വരും.

തൊഴിലുടമ തൊഴിലാളിയുടെ മേൽ നടത്തുന്ന കയ്യേറ്റങ്ങള്‍, സ്ഥാപന മേധാവിമാരും സഹപ്രവര്‍ത്തകരും നടത്തുന്ന കയ്യേറ്റങ്ങള്‍, മാനസിക, ശാരീരക പീഡനങ്ങള്‍, സാമ്പത്തിക നഷ്ടമുണ്ടാക്കല്‍, തൊഴിലാളികളുടെ മേല്‍ തൊഴിലിടങ്ങളില്‍ വെച്ചുള്ളത് പോലെ തന്നെ താമസ സ്ഥലങ്ങളിലും യാത്ര വേളകളിലും മറ്റും നടത്തുന്ന കയ്യേറ്റങ്ങളിലും പുതിയ നിയമം സംരക്ഷണം നൽകുന്നു.

കയ്യേറ്റങ്ങളോ പീഡനങ്ങളോ നടന്നാൽ അഞ്ചു ദിവസത്തിനകം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ തൊഴിലാളിക്ക് പരാതി നൽകാം. തൊഴിലാളികള്‍ക്കെതിരെയുള്ള കയ്യേറ്റം അന്വേഷിക്കുന്നതിനായി തൊഴിൽ മന്ത്രാലയം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്‍മേല്‍ ബന്ദപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ അന്വേഷണം നടത്തി നടപടികള്‍ കൈ കൊള്ളണമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. പുതിയ നിയമം വിദേശ തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളിൽ ഏറെ സുരക്ഷയും സംരക്ഷണവും നൽകുമെന്നാണ് വിലയിരുത്തല്‍.