സൗദിയിൽ തീപിടിച്ച ഉല്ലാസ ബോട്ടില്‍ നിന്ന് 4 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

റിയാദ്: തീപിടിച്ച ഉല്ലാസ ബോട്ടില്‍ നിന്ന് നാല് ഇന്ത്യക്കാരെ സൗദി സുരക്ഷാസേന രക്ഷപ്പെടുത്തി. സൗദി അറേബ്യയുടെ വടക്കുകിഴക്കന്‍ തീരദേശത്തിനരികെ കടലില്‍ വെച്ചാണ് ബോട്ടിന് തീപിടിച്ചത്. ബോട്ടില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ പൗരന്മാരെ അല്‍ ഖഫ്ജി പ്രദേശത്തെ അതിര്‍ത്തിസേനയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. അതിര്‍ത്തി സേന നിരീക്ഷണം നടത്തുന്നതിനിടയിലാണ് മര്‍കസ് മുനീഫക്ക് വടക്ക് കിഴക്ക് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ ഉല്ലാസ ബോട്ടിന് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്.

നാലുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഉടനെ ആവശ്യമായ സഹായങ്ങല്‍ നല്‍കുകയും യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. ആര്‍ക്കും പരിക്കില്ല. ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നോ എവിടെ ജോലി ചെയ്യുന്നവരാണെന്നോ വ്യക്തമല്ല. ഇത്തരം ഉല്ലാസ ബോട്ട് സര്‍വീസ് നടത്തുന്നവര്‍ നിബന്ധനകള്‍ക്ക് വിധേയമായി സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റ രീതില്‍ ഒരുക്കുകയും ബോട്ടിന് കലാനുസൃത അറ്റകുറ്റ പണികള്‍ നടത്തുകയും ചെയ്തിരിക്കണമെന്നും അല്ലാത്ത പക്ഷം വലിയ ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും സൗദി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.