ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് പ്രഖ്യാപനവുമായി യുഎഇ

8

2020ലെ യുഎഇ ഫെഡറൽ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും  ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 6100 കോടി ദിർഹത്തിന്‍റെ കമ്മിയില്ലാ ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ മൂന്നിലൊന്നു തുക സാമൂഹിക വികസനത്തിന് നീക്കിവച്ചു.  ശേഷിച്ച രണ്ടു ഭാഗം അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വികസന പ്രവത്തനങ്ങൾക്കുമാണ് വിനിയോഗിക്കുക.

രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ബഹിരാകാശ രംഗത്ത് യുഎഇ കൈവരിച്ച നേട്ടവും ഷെയ്ഖ് മുഹമ്മദിന്‍റെ  അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ചർച്ച ചെയ്തു. ഈ രംഗത്ത് യുഎഇ നിക്ഷേപം 2,200 കോടി ദിർഹം കവിഞ്ഞു.രാജ്യാന്തര പ്രശസ്ത 2 കമ്പനികൾ ഉൾപ്പെടെ 50 കമ്പനികളിലായി 1,500 പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. 16 ഉപഗ്രഹം യുഎഇക്കുണ്ടെന്നും പ്രാദേശികമായി ഉപഗ്രഹം നിർമിക്കാൻ ആരംഭിച്ചതായും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇയുടെ ചൊവ്വാ ദൗത്യം 8 മാസത്തിനകം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള യുഎഇയുടെ ശ്രമം തുടരുമെന്നും വ്യക്തമാക്കി.വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽനഹ്യാൻ,ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ,ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങി വിവിധ വകുപ്പ് മന്ത്രിമാരും മന്ത്രിസഭാ യോഗത്തിൽ സന്നിഹിതരായിരുന്നു