പടക്കം പൊട്ടിച്ചതിനെ ചൊല്ലി തര്‍ക്കം: യുവാവിനെ വെട്ടിക്കൊന്നു

10

ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒഡീഷയിലെ സുന്ദര്‍പുരയിലാണ് സംഭവം. അമരേഷ് നായക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അമരേഷ് സുഹൃത്തുക്കള്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ സ്ഥലത്തെത്തിയ ഒരു സംഘം ഇവരെ തടഞ്ഞു. ഇതേ ചൊല്ലിയുള്ള വഴക്കിനിടെയാണ് അമരീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.

പതിനഞ്ചംഗ സംഘമാണ് അമരീഷിനെ ആക്രമിച്ചത്. മൂര്‍ച്ചയേറിയ ആയുധമാണ് ആക്രമിക്കാന്‍ ഉപയോഗിച്ചത്. പരിക്കേറ്റ അമരീഷിനെ ഭുവനേശ്വറിലെ ക്യാപിറ്റല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു.

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി സംസ്ഥാനത്ത് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു. കെനോജാറില്‍ വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെ ഒരാള്‍ ഷോക്കേറ്റു മരിച്ചു. പ്രകാശ് ചന്ദ്ര എന്നയാളാണ് മരിച്ചത്. പടക്കംപൊട്ടിക്കുന്നതിനിടെ വീടിനു തീപിടിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സുകദേവ് മുണ്ട എന്നയാള്‍ വെന്തുമരിച്ചു.

ബാലസോറില്‍ ദീപാവലി ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് പോയ പിതാവും അഞ്ചു വയസ്സുകാരന്‍ മകനും പാലത്തില്‍ നിന്ന് നദിയിലേക്ക് വീണതായും റിപ്പോര്‍ട്ടുണ്ട്. പിതാവ് മദ്യലഹരിയിലായിരുന്നു. പിതാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എന്നാല്‍ മകനെ കണ്ടുകിട്ടിയിട്ടില്ല.