പ്രമേഹ രോഗം ഉള്ളവരോട് ‘കടക്ക് പുറത്തെന്ന്’ കുവൈറ്റ്‌?

കുവൈറ്റ് സിറ്റി : രാജ്യത്ത് താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ വിലക്കുള്ള രോഗങ്ങളുടെ പട്ടികയിൽ പ്രമേഹ രോഗം ഉൾപ്പെടുത്താൻ പോകുന്നതായി റിപ്പോർട്ടുകൾ. ചില സാംക്രമിക ഇതര രോഗങ്ങളും ഉൾപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതായി മന്ത്രാലയത്തിലെ പൊതുജന ആരോഗ്യ വിഭാഗം ഡയരക്റ്റർ ഡോ.ഫഹദ് അൽ ഗുമ്ലാസ് വ്യക്തമാക്കി. രാജ്യത്തെ ഖജനാവിന് ഇത്തരം രോഗികളായ പ്രവാസികളുടെ ചികിൽസാ ഇനത്തിൽ വന്ന് ചേരുന്ന അമിത സാമ്പത്തിക ബാധ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു നടപടി എന്നും അദ്ധേഹം കൂട്ടിച്ചേർത്തു..എയെഡ്സ് , ഹെപറ്റിറ്റിസ് ബി , സി , ക്ഷയം മുതലായ പരിശോധന നിർബന്ധമാക്കിയ രോഗങ്ങളുടെ പട്ടികയിൽ ഇവ കൂടാതെ പ്രമേഹം പോലുള്ള പകർച്ചവ്യാധികൾ അല്ലാത്ത ചില രോഗങ്ങളും ഉൾപ്പെടുത്തി കൊണ്ടാകും അടുത്ത പട്ടിക പുറത്തിറക്കുക.
പ്രവാസികളുടെ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ കുവൈത്ത് ഏറെ ഗൗരവത്തോടെയാണു കാണുന്നത്. അതിനാലാണ് പ്രവാസികൾ പരിശോധനയ്ക്ക് വിധേയമാകേണ്ട രോഗങ്ങളുടെ പട്ടിക പതിവായി പുതുക്കുന്നത്. നിലവിലുള്ള പൊതുവായ സംഭവ വികാസങ്ങളെ ആശ്രയിച്ച് കൊണ്ടാണു ജിസിസി യിലെ ആരോഗ്യ സമിതികൾ ഇവ ഭേദഗതികൾക്കായി അവലോകനം ചെയ്യുന്നതെന്നും ഡോ.ഫഹദ് അറിയിച്ചു.
പ്രമേഹവും മറ്റ് ചില സാംക്രമിക ഇതര രോഗങ്ങളും 2020ലെ വിലക്കുള്ള പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായുള്ള ശുപാർശ അടുത്ത ദിവസങൾക്കുള്ളിൽ അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു