അനധികൃത മൊബൈല്‍ ഫോണ്‍ റിപ്പയറിങും വില്‍പനയും :41 പ്രവാസികൾ അറസ്റ്റിൽ

10

സൗദിയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘകര്‍ പിടിയിലായി. അനധികൃതമായി മൊബൈല്‍ ഫോണ്‍ റിപ്പയറിങും വില്‍പനയും നടത്തുന്നവരെ കുടുക്കാന്‍ ലക്ഷ്യമിട്ടാണ് റിയാദ് ലേബര്‍ ഓഫീസ് അധികൃതര്‍ റെയ്ഡ് നടത്തിയത്. തൊഴില്‍ നിയമങ്ങളും താമസ നിയമങ്ങളും ലംഘിച്ച 41 പ്രവാസികളെ അറസ്റ്റ് ചെയ്തു.

ഫ്ലാറ്റുകള്‍, കാര്‍ പാര്‍ക്കിങ് ഏരിയകള്‍, നടവഴികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ വില്‍പനയും റിപ്പയറിങും നടത്തിവന്നവരാണ് പിടിയിലായത്. 331 നിയമലംഘനങ്ങള്‍ കണ്ടെത്തി. 363 സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അധികൃതര്‍ നോട്ടീസ് നല്‍കി. റിയാദിന് പുറമെ അല്‍ഖര്‍ജ്, അഫ്‍ലാജ്, വാദി ദവാസിര്‍, സുല്‍ഫി, അല്‍ഗാത്, മജ്‍മ, ശഖ്റ, സുലൈല്‍, അപീഫ്, ബനീ തമീം, സുദൈര്‍ തുടങ്ങിയ സ്ഥലങ്ങളിലെയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. സ്വകാര്യ സ്ഥാപനങ്ങളുടെ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ഉടന്‍ തന്നെ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തെ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.