മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ തിരിച്ചിറക്കി

9

ദുബായ്: മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം സാങ്കേതിക തകരാറുകള്‍ കാരണം തിരിച്ചിറക്കിയത്. ചെറിയ തകരാറുകള്‍ മാത്രമാണ് വിമാനത്തിനുള്ളതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ നാല് മണിക്കാണ് വിമാനം പുറപ്പെട്ടത്. ഒരു മണിക്കൂറോളം യാത്ര ചെയ്തശേഷം വിമാനത്തിലെ മര്‍ദ നിയന്ത്രണ സംവിധാനത്തിന് തകരാറുള്ളതായി കണ്ടെത്തുകയായിരുന്നു. ഇതോടെ തിരികെ ദുബായിലേക്ക് തന്നെ മടങ്ങാന്‍ പൈലറ്റ് തീരുമാനിച്ചു. ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൊണ്ട് പരിഹരിക്കാവുന്ന ചെറിയ തകരാറുകള്‍ മാത്രമാണ് വിമാനത്തിനുണ്ടായിരുന്നതെന്നും എന്നാല്‍ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതിനാല്‍ വിമാനം ദുബായില്‍ തിരിച്ചിറക്കുകയായിരുന്നവെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തകരാര്‍ പരിഹരിക്കാനുള്ള സാങ്കേതിക സംഘത്തെയും ഉപകരണങ്ങളെയും ദുബായിലേക്ക് അയച്ചിട്ടുണ്ട്. പ്രാദേശിക സമയം രാത്രി പത്ത് മണിയോടെ വിമാനം മുംബൈയിലേക്ക് തിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വിമാനത്തില്‍ 244 യാത്രക്കാരാണുണ്ടായിരുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പ്രകാരം ഇവരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി ഹോട്ടലുകളിലേക്ക് മാറ്റി. യാത്രക്കാര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് സങ്കേതിക സംഘവും ഉപകരണങ്ങളും ദുബായിലേക്ക് എത്തിക്കേണ്ടതിനാലും ദുബായ് വിമാനത്താവളത്തില്‍ കസ്റ്റംസ്, സെക്യൂരിറ്റി ക്ലിയറന്‍സുകള്‍ ലഭിക്കേണ്ടതുള്ളതിനാലുമാണ് മടക്കയാത്ര വൈകുന്നതെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു