ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു

ബഗ്ദാദ്: ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും രൂക്ഷമാകുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ നഗരങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും സുരക്ഷാസേന നടത്തുന്ന ശ്രമത്തില്‍ സംഘര്‍ഷം കനക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തുന്ന വെടിവെയ്പ്പില്‍ നിരിവധി പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള സുരക്ഷാസേനയുടെ ശ്രമത്തില്‍ 320 ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം, തൊഴിലില്ലായ്മ പരിഹരിക്കണം, അഴിമതി ഭരണം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ ഒന്നുമുതലാണ് ഇറാഖില്‍ സര്‍ക്കാരിനെതിരേ ജനം തെരുവിലിറങ്ങിയത്.

അതേസമയം, ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് മധ്യ, തെക്കന്‍ ഇറാഖിന്റെ ചില ഭാഗങ്ങളില്‍ ടയര്‍ കത്തിച്ച് സര്‍ക്കാര്‍ ഗതാഗതം നിര്‍ത്തിവച്ചു. ബസ്രയിലും നസീറിയ, അമര, കുട്ട് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധക്കാര്‍ റോഡുകള്‍ അടച്ചു. സ്‌കൂളുകളും സര്‍വ്വകലാശാലകളും മറ്റ് സ്ഥാപനങ്ങളും പൂട്ടിച്ചതായും റിപ്പോര്‍ട്ട്.

പൊലീസ് നായ്ക്കളെ തുരത്താന്‍ പ്രതിഷേധക്കാര്‍ തെരുവില്‍ വന്യമൃഗങ്ങളെ ഇറക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് നായ്ക്കളെ പ്രതിരോധിക്കാന്‍ ഇറാഖ് പ്രതിഷേധക്കാര്‍ സിംഹങ്ങളെ പുറത്തിറക്കുന്ന ദൃശ്യങ്ങള്‍ യൂറോപ്പിലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ മീഡിയ മാനേജറും പത്രപ്രവര്‍ത്തകനുമായ സ്‌റ്റെഫാന്‍ സിമാനോവിറ്റ്‌സ് ട്വീറ്റ് ചെയ്തു.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ സിരാകേന്ദ്രമായ ബഗ്ദാദില്‍ ഇന്നലെ നടന്ന ബോംബ് സ്‌ഫോടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു വാഹനത്തിനടിയില്‍ ഒളിപ്പിച്ചുവെച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഒക്ടോബര്‍ ആദ്യം പ്രക്ഷോഭങ്ങള്‍ തുടങ്ങിയ ശേഷം തലസ്ഥാനത്തുണ്ടാകുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത്. പ്രതിഷേധക്കാരെ ലക്ഷ്യമിട്ടായിരുന്നോ സ്‌ഫോടനമെന്ന് വ്യക്തമല്ല.

വെള്ളിയാഴ്ച പ്രതിഷേധക്കാര്‍ക്കുനേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും പ്രയോഗിച്ചു. സര്‍ക്കാര്‍ ഓഫീസുകളും വിദേശ എംബസികളും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ സോണിലേക്കുള്ള ബ്രിഡ്ജ് പൊലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങളെ സൈന്യത്തെ ഇറക്കി അടിച്ചമര്‍ത്തുകയാണ് ഭരണകൂടമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ പ്രതിഷേധങ്ങളില്‍ ഇതുവരെ 320 പേര്‍ കൊല്ലപ്പെടുകയും പതിനയ്യായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഇറാഖ് പാര്‍ലമെന്റിന്റെ മനുഷ്യാവകാശ കമ്മീഷന്‍ കണക്ക്. ഇറാഖിലെ പരമോന്നത ഷിയാ നേതാവ് ആയതുല്ല അലി അല്‍ സിസ്താനി പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. അവരുടെ ആവശ്യങ്ങളില്‍ ഒന്നുപോലും അംഗീകരിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന് പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും തടവുകാരെ വിട്ടയക്കുമെന്നും പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി ഉറപ്പുനല്‍കി. വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പക്ഷെ, ഇത്തരം വാഗ്ദാനങ്ങളൊന്നും പ്രതിഷേധക്കാരെ തണുപ്പിച്ചിട്ടില്ല.

ലോകബാങ്കിന്റെ കണക്ക് പ്രകാരം ഇറാഖില്‍ അഞ്ചിലൊരാള്‍ പട്ടിണിയിലാണ്. 25 ശതമാനമാണ് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ. ട്രാന്‍സ്‌പെറന്‍സി ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം അഴിമതി കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ഇറാഖ്.