അയോദ്ധ്യയില്‍ പണിയുന്ന പുതിയ പള്ളിക്ക് അബ്ദുൽ കലാമിന്റെ പേരിടണമെന്ന ആവശ്യവുമായി വിഎച്ച്പി

6

ന്യൂഡൽഹി : സുപ്രിംകോടതി വിധി പ്രകാരം അയോദ്ധ്യയില്‍ അനുവദിക്കുന്ന അഞ്ചേക്കര്‍ ഭൂമിയില്‍ പണിയുന്ന പുതിയ പള്ളിക്ക് ബാബറിന്റെ പേരിടാന്‍ അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനൊരുങ്ങി വിശ്വഹിന്ദു പരിഷത്ത്. ബാബറിന്റെ പേരിന് പകരം മുന്‍ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ പേരിടണമെന്നാണ് വിഎച്ച്പി വക്താവ് ശരദ് ശര്‍മ്മ ആവശ്യപ്പെടുന്നത്.

വിദേശ രാജ്യത്തു നിന്നുള്ള ആക്രമണകാരിയായിരുന്നു ബാബര്‍. അതിനാല്‍ തന്നെ പള്ളിക്ക് ബാബറിന്റെ പേരിടുന്നതിനെതിരെ കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്ന് വിഎച്ച്പി വക്താവ് ശരദ് ശര്‍മ്മ പറഞ്ഞു. വീര്‍ അബ്ദുള്‍ ഹമീദ്, അഫ്ഫാഖുള്ള ഖാന്‍, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ട്രസ്റ്റില്‍ അമിത് ഷാ അംഗമാകണമെന്നും വിഎച്ച്പി വക്താവ് ആവശ്യപ്പെട്ടു.

എന്നാല്‍ പള്ളിയുടെ പേര് ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ലെന്ന് കേസിലെ പരാതിക്കാരിലൊരാളായ ഇഖ്ബാല്‍ അന്‍സാരി അഭിപ്രായപ്പെട്ടു. പള്ളി പണിയുന്നതിന് അനുവദിക്കുന്ന സ്ഥലം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് ആദ്യം സമവായം ഉണ്ടാകേണ്ടതെന്നും ഏതെങ്കിലും ഭരണാധികാരിയെയോ, അദ്ദേഹത്തിന്റെ ജനകീയതയെയോ ആശ്രയിച്ചല്ല പള്ളി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.