ബഹ്റൈൻ പ്രതിഭ എഴുത്തും കാലവും സാഹിത്യ ചർച്ച സംഘടിപ്പിച്ചു

62

മനാമ: വലിയ വായനക്കുള്ള ടെക്സ്റ്റായി എഴുത്തു മാറുമ്പോൾ അത് കാലത്തിന്റെ അടയാളമായി മാറുന്നുവെന്ന് ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച എഴുത്തും കാലവും സാഹിത്യ ചർച്ച ചൂണ്ടിക്കാട്ടി. ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തിയേഴാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള അനുബന്ധ പരിപാടിയായായിരുന്നു ബഹ്റൈനിലെ എഴുത്തുകാരുടെയും സാഹിത്യ പ്രേമികളുടെയും സംഗമം സംഘടിപ്പിച്ചത്.
ട്രൂ കോപ്പി മാഗസിൻ എഡിറ്റർ & സി ഇ ഒ കമൽ റാം സജീവ്, കേരള ലിറ്ററേച്ചർ ഫെസ്റ്റ് സംഘാടകൻ എം കെ അബ്ദുൾ ഹക്കിം, ഇസ്മായിൽ എം എന്നിവർ മുഖ്യ അതിഥികളായി ചർച്ചയിൽ പങ്കെടുത്തു. ഏതൊരു എഴുത്തിനും ഭൂതം, വർത്തമാനം, ഭാവി എന്നീ കാലഘട്ടങ്ങൾ ബാധകമാണെന്ന് ചർച്ചകൾക്ക് ആമുഖമായി ഇസ്മായിൽ ചൂണ്ടിക്കാട്ടി. ഗാന്ധിജിയെയും ഗോഡ്സെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഭഗവത്ഗീത ആണെന്നും കാലത്തിനോട് പ്രതികരിച്ചു കൊണ്ട് തന്നെയാണ് എഴുത്ത് മുന്നോട്ടു പോകുന്നതെന്നും ഒത്തിരി ആശങ്കകൾ ഉയർത്തി ഫാസിസം രൂപാന്തരം പ്രാപിക്കുമ്പോൾ എല്ലാ ഇടതുപക്ഷ സാധ്യതകളുടെയും പ്രസക്തി വർധിക്കുകയാണെന്നും കമൽറാം സജീവ് ചൂണ്ടിക്കാട്ടി. കുതിച്ചുയരുന്ന ഫാസിസത്തെ സാഹിത്യവും സംസ്കാരവും വേണ്ടത്ര പ്രതിരോധിക്കുന്നുണ്ടോ എന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു. എഴുത്ത് കൂടുതൽ ജനാധിപത്യവത്കരിക്കുന്ന ഈ കാലഘട്ടത്തിൽ എഴുത്തിനൊപ്പിച്ച വായനയും വളർന്നു വരുന്നുണ്ടെന്ന് ഇസ്മായിൽ അഭിപ്രായപ്പെട്ടു. എൻ.എസ് മാധവന്റെ “തിരുത്ത്” എന്ന കഥ ആ കാലഘത്തിലെ ഒരു വലിയ പ്രതിരോധം ആയിരുന്നുവെന്ന് അബ്ദുൾ ഹക്കിം ചൂണ്ടിക്കാട്ടി. കേരളീയരുടെ ഏറ്റവും വലിയ മനുഷ്യാനുഭവമാണ് പ്രവാസം, മറ്റു യുദ്ധാനുഭവമോ, പട്ടിണിയുടെ കൊടിയ ദുരന്താനുഭവമോ അത്രമേൽ മലയാളി അനുഭവിച്ചിട്ടില്ല. മനുഷ്യൻ നന്നാകുക എന്നതാണ് ഏതൊരു കലയുടെയും ആത്യന്തിക ലക്ഷ്യം. സന്നിഗ്ദ്ധ കാലത്തു സാഹിത്യം പ്രതിരോധം ആയി ഉയർന്നു വരും. ഭാഷയുടെ പരിണാമം കാലവും ആയി ചേർന്ന് നിൽക്കുന്നു എന്നും കാലത്തിന്റെ അടയാളമായി എഴുത്തു മാറുന്നു എന്നും അഭിപ്രായങ്ങൾ ഉയർന്നു വന്നു.
സൽമാനിയ സിസിനിയാ ഗാർഡനിൽ ചേർന്ന സാഹിത്യ സംഗമത്തിൽ പ്രതിഭ സാഹിത്യവേദി കൺവീനർ അനഘ ഷിജോയ് അവതാരികയായിരുന്നു. പ്രതിഭ പ്രസിഡന്റ് മഹേഷ് മൊറാഴ അധ്യക്ഷത വഹിച്ചു. ഡി സലിം സ്വാഗതം പറഞ്ഞു. പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട്, പി ശ്രീജിത്ത്, സി വി നാരായണൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു .