തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ അര്‍ധരാത്രി വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു. ഐ.എ.എസ് ഓഫീസറായ ശ്രീരാം വെങ്കട്ടരാമന് മദ്യപിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടിലില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയില്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന് അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി സഭയില്‍ രേഖാമൂലം മറുപടിനല്കി.
അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു. കേസില്‍നിന്ന് ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നതിന്റെ തെളിവാണ് പോലീസ് റിപ്പോര്‍ട്ടെന്നാണ് മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാകുന്നത്.
സംസ്ഥാനത്ത് പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഒരാഴ്ചയ്ക്കിടെ ആറുകോടി 26 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും മന്ത്രി എ.കെ.ശശീന്ദ്രന് സഭയില്‍ വ്യക്തമാക്കി. ഒക്ടോബര്‍ 26 മുതലാണ് പുതിയ നിയമപ്രകാരം പിഴ ഈടാക്കി തുടങ്ങിയത്.